കാസർകോട് കുംബഡാജെയിലെ പുഷ്പലതയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. ബദിയടുക്ക സ്വദേശി രമേശ് നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കാസർകോട്: കാസർകോട് കുംബഡാജെയിലെ പുഷ്പലതയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. ബദിയടുക്ക സ്വദേശി രമേശ് നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. കുംബഡാജെ അജിലയിൽ തനിച്ച് താമസിക്കുന്ന പുഷ്പലത വി ഷെട്ടിയെ വീട്ടിലെ അടുക്കളയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 70 വയസ്സുകാരിയുടേത് ശ്വാസം മുട്ടിയുള്ള മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. ബദിയടുക്ക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരമേശ്വർ എന്ന രമേശ് നായിക്ക് പിടിയിലായത്. ബദിയടുക്ക ബിപിസി കോമ്പൗണ്ടിൽ താമസിക്കുന്നയാളാണ് ഈ 46 വയസുകാരൻ. കഴുത്തിൽ നിന്ന് മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ പുഷ്പലത ശബ്ദം വച്ചതോടെ വായ പൊത്തിപിടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. പ്രദേശത്ത് നേരത്തെ കാട് വെട്ടുന്ന ജോലിക്ക് വന്നിട്ടുണ്ട് രമേശ് നായിക്ക്. അതുകൊണ്ട് തന്നെ പുഷ്പലത ഒറ്റക്കാണ് താമസിക്കുന്നതെന്ന് ഇയാൾക്ക് അറിയാമായിരുന്നു.
വെള്ളം ചോദിച്ച് എത്തിയ ഇയാൾ, വയോധിക വെള്ളം എടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ മുൻവാതിൽ വഴി അകത്ത് കയറി. അടുക്കളയിൽ എത്തി മാല പിടിച്ച് പറിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മുൻവാതിൽ കുറ്റിയിട്ട് നാല് പവൻ തൂക്കമുള്ള മാലയുമായി അടുക്കള വാതിൽ വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. മൃതദേഹത്തിൽ മുഖത്തും കഴുത്തിലും പാടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകം ആണെന്ന് നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. ശരീരത്തിലെ പരിക്കുകൾ പിടിവലിക്കിടെ ഉണ്ടായതാണെന്ന് വ്യക്തമായി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.



