ഫോൺ കാണാത്തത്തിനെത്തുടർന്ന് സിപിഒ സൈബർ പൊലീസിന്‍റെ സഹായംതേടി
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടിയ ആൾ പൊലീസുകാരന്‍റെ മൊബൈൽ ഫോണുമായി കടന്നു. ബാലരാമപുരം പള്ളിവിളാകം സ്വദേശി റിജു എന്നു വിളിക്കുന്ന സുജു പി ജോണിനെയാണ് (46) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പട്രോളിംഗിനിടെ ശനിയാഴ്ച വൈകീട്ട് മുക്കോല ഭാഗത്തു നിന്ന് മദ്യപിച്ച് ബൈക്കോടിച്ച് വരികയായിരുന്നു ഇയാൾ. പൊലീസ് പരിശോധനയിൽ മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ ജീപ്പില്‍ സമീപത്തിരുന്ന പൊലീസുകാരന്‍റെ മൊബൈൽ ഫോണെടുത്ത് ജോണ്‍ പോക്കറ്റിലിടുകയായിരുന്നു.
സംഭവം പൊലീസുകാന്‍ അറിഞ്ഞില്ല. തുടര്‍ന്ന് രാത്രിയോടെ ഇയാളെ ജാമ്യത്തിൽ വിട്ടു. ഫോൺ കാണാത്തത്തിനെത്തുടർന്ന് സിപിഒ സൈബർ പൊലീസിന്‍റെ സഹായംതേടി. ഞായറാഴ്ചയോടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സുജു മദ്യലഹരിയിൽ അവിടെയും ബഹളമുണ്ടാക്കിയതിനെത്തുടർന്ന് റെയിൽവേ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടയില്‍ ഇയാളുടെ കയ്യില്‍ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഫോൺ ഭാര്യയുടെതെന്ന് പറഞ്ഞെങ്കിലും ലോക്ക് മാറ്റാൻ ആവശ്യപ്പെട്ടതോടെ കുടുങ്ങി. ഒടുവിൽ പൊലീസുകാരന്‍റെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. പിന്നാലെ വിഴിഞ്ഞം പൊലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
