Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി: സിഒടി നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റി

തലശ്ശേരി സിഐയും എസ്ഐയും ഇന്ന് ചുമതല ഒഴിയും. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നതാണ്. 

police officers enquiring the cot naseer murder attempt case are transferred
Author
Thiruvananthapuram, First Published Jun 21, 2019, 9:46 AM IST

തിരുവനന്തപുരം/കണ്ണൂർ: വടകരയിലെ സ്വതന്ത്രസ്ഥാനാർത്ഥിയായ സിഒടി നസീറിനെതിരായ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. കേസന്വേഷിക്കുന്ന തലശ്ശേരി സിഐ വി കെ വിശ്വംഭരനും എസ്ഐ ഹരീഷും ഇന്ന് ചുമതല ഒഴിയും. വധശ്രമത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. നസീർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നതാണ്. 

കേസിന്‍റെ നി‍‍ർണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കും ഹരീഷിനെ കോഴിക്കോട്ടേക്കുമാണ് മാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് ഇരുവരും സ്ഥലം മാറി തലശ്ശേരിയിൽ എത്തിയതെങ്കിലും ഇത്രയും പ്രമാദമായ കേസിന്‍റെ അന്വേഷണം നടക്കുന്നതിനിടെ അതിനെ ബാധിക്കുന്ന തരത്തിലുള്ള സ്ഥലംമാറ്റം വലിയ വിവാദവും എതിർപ്പുമുയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിയമസഭയിൽ ഈ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് വ്യക്തമാക്കിയത്. 

ഈ കേസിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന പൊട്ടിയം സന്തോഷിനെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി രണ്ട് ദിവസം പിന്നിടുകയാണ്. ഇയാളെ ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സിപിഎം തലശ്ശേരി മുൻ ഏരിയാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇയാളിൽ നിന്ന് പൊലീസിന് കിട്ടിയത്. 

ഇതിനിടെയാണ് രണ്ട് ഉദ്യോഗസ്ഥരും ചുമതല ഒഴിയുന്നത്. നേരത്തേ പുറത്തിറങ്ങിയ ഇവരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഒരു നടപടിയുമുണ്ടായില്ലെന്ന് വേണം മനസ്സിലാക്കാൻ. ഏഴ് ദിവസത്തേക്കാണ് സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ചുമതല ഒഴിയുന്നതോടെ ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരവും അടഞ്ഞു. മാറുകയാണെന്ന് അറിയിച്ച് ഇരു ഉദ്യോഗസ്ഥർക്കും ഇയാളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി തിരികെ ഏൽപിക്കേണ്ടി വരും. 

Follow Us:
Download App:
  • android
  • ios