Asianet News MalayalamAsianet News Malayalam

ചീട്ടുകളി പിടികൂടിയ പൊലീസുകാർക്ക് ലോട്ടറി: ഒൻപത് ലക്ഷം രൂപ അനുവദിച്ച് കോടതി ഉത്തരവിട്ടു

ചീട്ടുകളി കേസ് പിടിച്ച് ലക്ഷാധിപതികളായി പൊലീസുകാരെകുറിച്ച് കേട്ടിട്ടുണ്ടോ. ആലുവയിലെ ഒരു സംഘം പൊലീസുകാര്‍ക്കാണ് ഈ ഭാഗ്യം ഉണ്ടായത്

Police officers got half share of money they seized from gamblers
Author
Nedumbassery, First Published Jun 11, 2020, 8:26 AM IST

കൊച്ചി: ചീട്ടുകളിച്ച് പണം ഉണ്ടാക്കുന്നവരെക്കുറിച്ച് നമുക്കറിയാം.എന്നാൽ ചീട്ടുകളി കേസ് പിടിച്ച് ലക്ഷാധിപതികളായി പൊലീസുകാരെകുറിച്ച് കേട്ടിട്ടുണ്ടോ. ആലുവയിലെ ഒരു സംഘം പൊലീസുകാർക്കാണ് ഈ ഭാഗ്യം ഉണ്ടായത്. ഒൻപത് ലക്ഷം രൂപയാണ് ഇവരുടെ പോക്കറ്റിലെത്തിയിരിക്കുന്നത്

പൊലീസുകാർക്ക് ഭാഗ്യം കൊണ്ടു വന്ന കേസിനാസ്പദമായ സംഭവം നടക്കുന്നത് 2017 ഒക്ടോബോർ 15 ന്. ആലുവ ദേശത്തെ പെരിയാർ ക്ലബ്ലിൽ ലക്ഷങ്ങൾവെച്ചുള്ള ചീട്ടുകളി നടക്കുന്നതായി ആലുവഎസ്പിക്ക് രഹസ്യവിവരം ലഭിക്കുന്നു. ഉടൻ തന്നെ ക്ലബ്ലിൽ റെയ്ഡ് നടത്താൻ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുന്നതോടെ സീൻ മാറുന്നു. 

ക്ലബ്ബിലെ ഒന്നാം നിലയിൽ എത്തിയ പൊലീസ് കാണുന്നത് ഒന്നാന്തരം പന്നിമലർത്ത് കളി. എല്ലാ മേശകളിലും ലക്ഷക്കണക്കിന് രൂപ. കളിക്കുന്നത് സമൂഹത്തിലെ വൻകിടക്കാർ. ക്ലബിലെ അംഗങ്ങൾക്ക് പുറമെ പുറത്ത് നിന്നും നിരവധി പേർ. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 33 പേരെ അറസ്റ്റ് ചെയ്തു. 18 ലക്ഷം രൂപ പിടിച്ചെടുത്തു. കേസ് കോടതിയിലെത്തിയതോടെ പ്രതികളെല്ലാം കുറ്റം സമ്മതിച്ചു. 500 രൂപ പിഴയടച്ച് ശിക്ഷയും ഏറ്റുവാങ്ങി. പിന്നെയാണ് കഥ മാറുന്നത്. 

ഗെയിമിംഗ് നിയമപ്രകാരം പിടിച്ചെടുത്ത പണത്തിൻറെ പകുതി സർക്കാർ ഖജനാവിന് നൽകണം. ബാക്കി പകുതി പണം കേസ് പിടിച്ച പൊലീസുകാർക്ക് ലഭിക്കും. ഗെയിമിംഗ് നിയമത്തിലെ ഈ ചട്ടത്തെക്കുറിച്ച് അറിഞ്ഞതോടെ കേസ് രജിസ്റ്റർ ചെയ്ത നെടുമ്പാശ്ശേരി പൊലീസ് അപേക്ഷയുമായി കോടതിയെ സമീപിച്ചു.
 
ഈ അപേക്ഷ പരിഗണിച്ച് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, പിടിച്ചെടുത്ത പണത്തിൻറെ പകുതി അഥവാ 9 ലക്ഷം രൂപ പൊലീസുകാർക്ക് നൽകാൻ കഴി‍ഞ്ഞ ദിവസം ഉത്തരവിടുകയും ചെയ്തു. ക്ലബിൽ റെയ്ഡിന് പോകുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്ത 23 ഉദ്യോഗസ്ഥർക്കാണ് ഒൻപത് ലക്ഷം രൂപ ലഭിക്കുക.  ഇതിൽ രണ്ട് സിഐമാരും രണ്ട് എസ്ഐമാരും ഉണ്ട്. ഒരു വനിത ഉൾപ്പെടെ ബാക്കി എല്ലാം സിവിൽ പൊലീസ് ഓഫീസർമാർ. ഇവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ ജോലി ചെയ്യുന്നത് മറ്റ് ജില്ലകളിൽ

ഈ പണം പൊലീസുകാർക്ക് സ്വന്തം പോക്കറ്റിൽ തന്നെ വെയ്ക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ? ഒരു സംശയവും വേണ്ട ഇക്കാര്യം ചൂതാട്ട നിരോധന നിയമത്തിൽ വ്യക്തമായി പറയുന്നുണ്ടെന്ന് ആലുവ റൂറൽ എസ്പി കെ.കാർത്തിക് വിശദീകരിക്കുന്നു. 

മുൻപും നമ്മുടെ നാട്ടിൽ ചീട്ടുകളി കേസുകൾ പിടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തിട്ടുമുണ്ട്. പക്ഷെ പകുതി പണം പൊലീസുകാർക്ക് കിട്ടുമെന്ന കാര്യം പൊലീസുകാർക്കും അറിയില്ലായിരുന്നു എന്ന് മാത്രം. അത് കൊണ്ട് തന്നെ ഈ പണമെല്ലാം സർക്കാരിൻറെ ഖജനാവിലേക്ക് പോയെന്ന് ചുരുക്കം. ഏതായാലും ഒരു കാര്യം ഉറപ്പ്, വരും ദിവസങ്ങളിൽ ചീട്ടുകളി പിടിക്കാൻ പൊലീസുകാർ വലിയ ഉൽസാഹത്തോടെ മുന്നിട്ടിറങ്ങും. 

Follow Us:
Download App:
  • android
  • ios