Asianet News MalayalamAsianet News Malayalam

നിരീക്ഷിക്കാൻ ചെന്ന പൊലീസ് രക്ഷകരായി; കുളത്തിൽ മുങ്ങിത്താണ 19കാരനെ കൈപിടിച്ച് കയറ്റിയത് ജീവിതത്തിലേക്ക്

മൂന്നാമത്തെ മുങ്ങലിൽ ഫിറോസിന്റെ കൈയിൽ പിടിക്കാനായതാണ് ജീവന്റെ പിടിവള്ളിയായത്. പദ്മനാഭനും കൃപേഷും ചേർന്ന് ഇവരെ കരയ്ക്ക് കയറ്റി. ഇതിനിടെ, ഓടിപ്പോയ ഫിറോസിന്റെ ചങ്ങാതിമാരും തിരികെ എത്തിയിരുന്നു.

police officers save 19 year old youth in kasaragod
Author
Kasaragod, First Published Jun 28, 2020, 6:12 PM IST

കാസർകോട്: കൊവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ പൊതുകുളങ്ങളിൽ കൂട്ടമായി കുളിക്കുന്നത് തടയാൻ ചെന്ന പൊലീസ് സംഘം വെള്ളത്തിൽ മുങ്ങിത്താണ യുവാവിന്റെ രക്ഷകരായി. ചേരൂർ റഹ്‌മത്ത് നഗറിലെ മുഹമ്മദ് ഫിറോസ് എന്ന 19കാരനാണ് നിയമപാലകരുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറിയത്. 

പരവനടുക്കത്തിനടുത്ത പാലിച്ചിയടുക്കം കൈന്താറിലെ പൊതുകുളത്തിലാണ് സംഭവം. ഇവിടെ വൈകുന്നേരങ്ങളിൽ പല ഭാഗങ്ങളിൽനിന്ന് ചെറുപ്പക്കാർ നീന്തിക്കുളിക്കാൻ എത്തുന്നത് നാട്ടുകാർ മേൽപ്പറമ്പ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് സംഘം എത്തിയപ്പോൾ കുളിച്ചുകൊണ്ടിരുന്ന യുവാക്കൾ ഓടിപ്പോയി.

കുളക്കടവിൽ വസ്ത്രങ്ങൾ ഇട്ടിരിക്കുന്നത് കണ്ട് എസ്ഐ എം.പി. പദ്മനാഭനും ഡ്രൈവർ രഞ്ജിത്തും സിവിൽ പൊലീസ് ഓഫീസർ കൃപേഷും ഇറങ്ങിനോക്കിയപ്പോൾ കണ്ടത് മുങ്ങിത്താഴുന്ന യുവാവിനെയാണ്. കൈ ഉയർത്തിപ്പിടിച്ചിരുന്നു. രഞ്ജിത്ത് യൂണിഫോമോടെ 15 അടി ആഴമുള്ള കുളത്തിലേക്ക് എടുത്തുചാടി. രണ്ടുതവണ മുങ്ങിത്താണ് തപ്പിയെങ്കിലും ആളെ കിട്ടിയില്ല. 

മൂന്നാമത്തെ മുങ്ങലിൽ ഫിറോസിന്റെ കൈയിൽ പിടിക്കാനായതാണ് ജീവന്റെ പിടിവള്ളിയായത്. പദ്മനാഭനും കൃപേഷും ചേർന്ന് ഇവരെ കരയ്ക്ക് കയറ്റി. ഇതിനിടെ, ഓടിപ്പോയ ഫിറോസിന്റെ ചങ്ങാതിമാരും തിരികെ എത്തിയിരുന്നു. അവശനായ ഫിറോസിന് പൊലീസുകാർ കൃത്രിമശ്വാസം നൽകിയെങ്കിലും അനക്കമില്ലായിരുന്നു. കരയ്‌ക്കെത്തിച്ച് കൃത്രിമ ശ്വാസം നൽകിയശേഷമാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രഥമശുശ്രൂഷ കിട്ടിയതോടെ ഫിറോസ് കണ്ണ്തുറന്നു. പൊലീസ് വിവരമറിയിച്ച് ഫിറോസിന്റെ ബന്ധുക്കളുമെത്തി. നീന്തൽ പഠിക്കാനാണ് ഫിറോസ് കുളത്തിലിറങ്ങിയത്. കൊവിഡ് നിയന്ത്രണം തുടരുന്നതുവരെ കുളിയും നീന്തലും വിലക്കി ഇവിടെ മേൽപ്പറമ്പ് പൊലീസ് ബോർഡ് സ്ഥാപിച്ചു.

Follow Us:
Download App:
  • android
  • ios