കാസര്‍കോട്: തലപ്പാടി അതിര്‍ത്തിയിലൂടെ കൊവിഡ് ബാധിതരായ ആളുകള്‍ കടന്നുപോയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഡ്യൂട്ടിയില്‍ തുടരുന്നു. പരിശോധനയ്ക്കായി സ്രവം കൊടുത്ത് നേരെ ഡ്യൂട്ടിയ്ക്ക് കയറേണ്ടിവരുന്ന ഗതികേടാണ് അതിര്‍ത്തിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക്.

കൊവിഡ് ബാധിത മേഖലയായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നടക്കം ദിവസവും നിരവധി പേര്‍ തലപ്പാടി ചെക്ക്പോസ്റ്റ് കടന്ന് കേരളത്തിലേക്ക് കടക്കുന്നുണ്ട്. ഇതില്‍ ചിലയാളുകള്‍ക്ക് ഇതിനകം തന്നെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ രേഖകള്‍ പരിശോധിക്കുന്ന  ഉദ്യോഗസ്ഥരെല്ലാം ആരോഗ്യ വകുപ്പിന്‍റെ മാനദണ്ഡം അനുസരിച്ച് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ തന്നെയാണ്. 

എന്നാല്‍ ഇവരില്‍ ഒരൊറ്റ ഉദ്യോഗസ്ഥനെയും ക്വാറന്‍റൈനില്‍ ആക്കിയില്ല. മാത്രമല്ല ടെസ്റ്റിന് സാമ്പിളും കൊടുത്ത് നേരെ വന്ന് വീണ്ടും ഡ്യൂട്ടി നോക്കുന്നവരും നിരവധിപേരാണ്. അമ്പത് പൊലീസ് ഉദ്യോഗസ്ഥരാണ് അതിര്‍ത്തിയില്‍ രേഖകള്‍ പരിശോധിക്കുന്നിടത്ത് രണ്ട് ഷിഫ്റ്റുകളിലായുള്ളത്. 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്താല്‍ 24 മണിക്കൂര്‍ വിശ്രമം. കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായി സ്റ്റേഷനിലടക്കം പൊലീസിന്‍റെ വലിയ കുറവുണ്ടായതും എആര്‍ ക്യാമ്പില്‍ മതിയായ പൊലീസുകാരില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.