കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് അപമാനിച്ച കേസിലെ പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നും ഇരുവരെയും  ഇന്ന് തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും കളമശ്ശേരി എസ്‌ഐ പി ആർ സന്തോഷ് പറഞ്ഞു. സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണ് നടിയുടെ മൊഴി എടുക്കാൻ വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികളുടെ അഭിഭാഷകനുമായി ചർച്ച നടത്തി. അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസം ഇല്ല. പ്രതികളെ കസ്റ്റഡിയിൽ എടുത്താൽ കളമശ്ശേരിയിൽ ഹാജരാക്കും. പ്രതികൾക്കായി പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തുകയാണെന്ന് കളമശ്ശേരി എസ്‌ഐ പറഞ്ഞു. പ്രതികൾ പെരിന്തൽമണ്ണ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് സ്ഥലത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കയത്. പ്രതികൾക്ക് നിരപരാധിത്വം കോടതിയിൽ തെളിയിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അറസ്റ്റ് ചെയ്തെ മടങ്ങൂ എന്ന നിലപാടിൽ പൊലീസ് തുടർന്നതോടെയാണ് അഭിഭാഷകൻ വഴി പ്രതികൾ കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചത്. പ്രതികൾ ഇന്ന് രാത്രി 7 മണിയോടെ കീഴടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. കളമശേരിയിൽ അന്വേഷണ സംഘത്തിന് മുന്നിസാണ് കീഴടങ്ങുകയെന്ന് പ്രതികളുടെ അഭിഭാഷകൻ ബെന്നി തോമസ് അറിയിച്ചു.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. ബോധപൂർവ്വം ഉപദ്രവിച്ചിട്ടില്ലെന്നും നടിയോട് മാപ്പ് പറയാൻ ഒരുക്കമാണെന്നുമാണ് പ്രതികൾ വിശദീകരിക്കുന്നത്. 

Also Read: യുവനടിയെ അപമാനിച്ച കേസ്: പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന് അഭിഭാഷകൻ, മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു