കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഹൈക്കോടതിയിലെ വിജിലൻസ് അഭിഭാഷകന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഹൈക്കോടതിയിലേക്ക് പോകും വഴി അജ്ഞാത വാഹനം തുടർച്ചയായി തന്നെ പിന്തുടർന്നിരുന്നെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് നടപടി. 

വിജിലൻസ് അഭിഭാഷകനായ എ രാജേഷിനാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. തന്‍റെ വാഹനത്തെ രണ്ട് തവണ അജ്ഞാതർ പിന്തുടർന്നെന്ന് ഇദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുളള കാറുകളാണ് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ കൊച്ചി നഗരത്തിലൂടെ സംശയാസ്പദമായ സാഹചര്യത്തിൽ അഭിഭാഷകനെ പിന്തുടർന്നത്. 

ഇതിനിടെ ടി ഒ സൂരജ് അടക്കമുളള നാലു പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം പതിനേഴ് വരെ നീട്ടി. പാലം അഴിമിതി സംബന്ധിച്ച് ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും ജയിലിൽ നിന്ന് ഇറങ്ങിയശേഷം കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും  മുൻ പൊതൂമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് പറഞ്ഞു. 

‌‌ടി ഒ സൂരജ് അടക്കം നാലുപ്രതികളും  സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർ‍ത്തിയാക്കിയ ഹൈക്കോടതി ഹർജി ഉത്തരവിനായി മാറ്റി. പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുൻപ് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യവുമായി എഞ്ചിനീയർമാരുടെ സംഘടനയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.