Asianet News MalayalamAsianet News Malayalam

വെള്ളാപ്പള്ളിയെ ചോദ്യം ചെയ്‍തത് നാല് മണിക്കൂറോളം; അന്വേഷണം അന്തിമഘട്ടത്തിൽ

ആത്മഹത്യാ കുറിപ്പിൽ വെള്ളാപ്പള്ളി നടേശന്‍റെയും സഹായി അശോകന്‍റെയും പേരുകൾ എഴുതിയിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വെള്ളാപ്പള്ളി നടേശനുമായും കെ എൽ അശോകനുമായും മഹേശൻ ഫോണിൽ സംസാരിച്ചിരുന്നു.

Police questioned Vellapally Natesan more than four hours on K K Mahesan
Author
alappuzha, First Published Jul 3, 2020, 8:54 PM IST

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നാല് മണിക്കൂറിലധികമാണ്  മാരാരിക്കുളം പോലീസ് വെള്ളാപ്പള്ളി നടേശനെ  ചോദ്യം ചെയ്‍തത്. 

ഇതോടെ കേസിലെ ചോദ്യംചെയ്യൽ എല്ലാം പൂർത്തിയായെന്നും അന്വേഷണം അന്തിമഘട്ടത്തിലെന്നും പൊലീസ് പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. മഹേശൻ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചത്.

വെള്ളാപ്പള്ളി നടേശന് 32 പേജുള്ള കത്താണ് കെ കെ മഹേശൻ നൽകിയിരുന്നത്. സാമ്പത്തിക തിരിമറി, മാനസിക പീഡനം തുടങ്ങിയ കാര്യങ്ങൾ ഈ കത്തിലുണ്ട്. ആത്മഹത്യാ കുറിപ്പിൽ വെള്ളാപ്പള്ളി നടേശന്‍റെയും സഹായി അശോകന്‍റെയും പേരുകൾ എഴുതിയിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വെള്ളാപ്പള്ളി നടേശനുമായും കെ എൽ അശോകനുമായും മഹേശൻ ഫോണിൽ സംസാരിച്ചിരുന്നു.

വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകന്‍റെ മൊഴി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൊലീസ് എടുത്തിരുന്നു. അറുപതിലധികം പേരുടെ മൊഴി ഇതിനോടകം എടുത്തിട്ടുണ്ട്. ഇവ ഒത്തുനോക്കിയ ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക. അതേസമയം കേസിൽ പ്രത്യേക സംഘം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മഹേശന്‍റെ കുടുംബം. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക്  ജനകീയ സമിതി ഭീമഹർജി നൽകും. 

Follow Us:
Download App:
  • android
  • ios