കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലിൽ നടന്ന കവർച്ച സാധാരണ കവർച്ച മാത്രമാണെന്ന് പൊലീസിന്‍റെ നിഗമനം. കപ്പലുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർ‍ഡ് ഡിസ്കിൽ ഇല്ലെന്നാണ് സൂചന. കപ്പൽ ശാലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലാണ്  കഴിഞ്ഞ ദിവസം കവർച്ച നടന്നത്. കപ്പലിൽ ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടറിലെ ഹാർ‍ഡ് ഡിസ്ക്, ഫാൻ അടക്കമുള്ളവയാണ് നഷ്ടമായത്. കപ്പൽശാല അധികൃതരുടെ പരാതിയിൽ സൗത്ത് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. 

കൊച്ചി സിറ്റിപോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പ്രാഥമിക പരിശോധനയിൽ കപ്പലുമായി ബന്ധപ്പെട്ടതോ സുരക്ഷയുമായി ബന്ധപ്പെട്ടതോ ആയ രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർഡ് ‍ഡിസ്കിൽ ഇല്ലെന്നാണ് വിവരം. കപ്പൽ ശാലയിലെ ജോലിക്കാരെ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. നാവിക സേനയ്ക്കുള്ള കപ്പൽ നിർമ്മിക്കുന്ന കപ്പൽ ശാലയിലാണ് കവർച്ച എന്നത് കണക്കിലെടുത്ത് കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന കപ്പൽ നാവിക സേനയുടെ ഭാഗമായിട്ടില്ലാത്തതിനാൽ കവർച്ചയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് നാവിക സേന അറിയിച്ചു.