വൈത്തിരി: വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. മരണത്തില്‍ പി ഗഗാറിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് നല്‍കിയ പരാതിയിലാണ് നടപടി. അതേസമയം മരിച്ച സക്കീനയുടെ ശരീരത്തില്‍ മുറിവുകളേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം പി ഗഗാറിന്‍റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഗഗാറിന്‍ മൊഴി നല്‍കിയത്. 

സക്കീനയുടെ ഭർത്താവ് ജോൺ നല്‍കിയ പരാതിയില്‍ ഗഗാറിനെതിരെ ആരോപണമുള്ളതിനാല്‍ കേസന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വഭാവിക നടപടിയായാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതെന്ന് വൈത്തിരി പൊലീസ് അറിയിച്ചു. ഗഗാറിനെതിരായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം സക്കീന മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചുണ്ടിലും കഴുത്തിലും മർദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ഇതില്‍ ചുണ്ടിലെ മുറിവിന്‍റെ കാരണം വ്യക്തമല്ല. ഈ ദിശയിലും ഇനി അന്വേഷണം നീങ്ങും.

അതേസമയം ജോണിന് മർദനമേറ്റ സാഹചര്യത്തില്‍ തനിക്കും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സക്കീനയുടെ സുഹൃത്ത് തുളസി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഗഗാറിന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി സക്കീന തുളസിയോട് വെളിപ്പെടുത്തിയിരുന്നുവെന്ന് ഭർത്താവിന്‍റെ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് പി ഗഗാറിന്‍റെ നിലപാട്. പൊലീസ് അന്വേഷണം തടസ്സപ്പെടുത്തില്ലെന്നും സത്യം ഒരുനാള്‍ പുറത്തുവരുമെന്നും ഗഗാറിന്‍ പ്രതികരിച്ചു.