കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.സ്കൂളിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിലാണ് കേസ്

കണ്ണൂര്‍: താവക്കരയിൽ സ്കൂൾ വളപ്പിലെ മരച്ചില്ലകൾ വെട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.സ്കൂളിൽ അതിക്രമിച്ചുകയറിയെന്ന പ്രധാന അധ്യാപകന്‍റെ പരാതിയിലാണ് കേസ്. ആരെയും പ്രതി ചേർത്തിട്ടില്ല.സർക്കാർ പരസ്യബോർഡിൽ മുഖ്യമന്ത്രിയുടെ മുഖം മറഞ്ഞതുകൊണ്ടാണ് മരക്കൊമ്പ് വെട്ടിയതെന്നാണ് ആരോപണം.കണ്ണൂർ താവക്കര ജിയുപി സ്കൂളിലെ തണൽ മരത്തിന്‍റെ ചില്ലകളാണ് ശനിയാഴ്ച മുറിച്ചത്.കോംമ്പൗണ്ടിൽ അതിക്രമിച്ചുകയറിയ മൂന്നുപേരാണ് പിന്നിലെന്ന് പ്രധാനാധ്യാപകന്‍റെ പരാതിയില്‍ പറയുന്നു. അവധിയായതിനാൽ സ്കൂളിൽ ആരുമുണ്ടായിരുന്നില്ല.

കണ്ണൂർ പൊലീസ് ക്ലബ് ജംക്‌ഷനിൽ നിന്ന് താവക്കര അടിപ്പാത ഭാഗത്തേക്ക് പോകുന്ന റോഡിലാണ് സർക്കാരിന്‍റെ പരസ്യ ബോർഡ്. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ ചിലർ ബോർഡ് മറയുന്നതിനാൽ മരത്തിന്‍റെ കൊമ്പുകള്‍ വെട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബോർഡ് പുതിയതാണ്.മരം നേരത്തെയുണ്ട്. മുറിക്കാനാകില്ലെന്ന് ഹെഡ്മാസ്റ്റർ അറിയിക്കുകയും ചെയ്തു. എന്നിട്ടും മുറിച്ചെന്നാണ് പരാതി.