കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിൻസിപ്പാളിന് നേരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ കോളേജിലെ പത്ത് എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്തു. എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന പ്രിൻസിപ്പൽ ഫൽഗുനന്‍റെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് കേസെടുത്തത്. കോളേജിൽ എബിവിപി യുടെ കൊടിമരം നാട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‍നത്തിന്‍റെ പേരിലാണ് ഭീഷണിയെന്നാണ് പരാതി.

ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എബിവിപി പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തുന്നതായി നേരത്തേ പ്രിന്‍സിപ്പള്‍ വ്യക്തമാക്കിയിരുന്നു. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രിന്‍സിപ്പാള്‍ പറഞ്ഞിരുന്നു.

ക്യാംപസിലെ എബിവിപിയുടെ കൊടിമരം പ്രിന്‍സിപ്പാള്‍ നീക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊടിമരം ക്യാംപസിന് പുറത്തെത്തിച്ച് തിരികെ നടന്നുവരുന്ന പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 

എബിവിപിയുടെ കൊടിമരം നീക്കിയതിനെക്കുറിച്ച് പ്രിന്‍സിപ്പാള്‍ മുമ്പ് പറഞ്ഞത്

ക്യാംപസില്‍ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് വീഡിയോ വൈറലായതിന് പിന്നാലെ പ്രിന്‍സിപ്പാള്‍ പ്രതികരിച്ചിരുന്നു. എസ്എഫ്ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ക്യാംപസില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. പക്ഷേ അനുമതി നല്‍കുമ്പോള്‍ തന്നെ അരമണിക്കൂറിനുള്ളില്‍ കൊടിമരം മാറ്റണമെന്ന നിബന്ധന താന്‍ വച്ചിരുന്നു. നേതാക്കള്‍ അത് സമ്മതിച്ചതുമാണ്'. എന്നാല്‍ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള്‍ നിലപാട് മാറ്റി. ഇത് ക്യാംപസില്‍ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചത്. സംഘര്‍ഷാവസ്ഥ വന്നതോടെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ക്യാംപസില്‍ പൊലീസിനെ കയറ്റരുതെന്ന് തീരുമാനിച്ചിരുന്നു. അതിനാലാണ് കൊടിമരം നീക്കം ചെയ്ത് ക്യാംപസിന് പുറത്ത് പൊലീസിന് കൈമാറിയത്.