തെരഞ്ഞെടുപ്പിന് പിന്നാലെ വർക്കല ഇടവയിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം രൂക്ഷമായി. ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും നശിപ്പിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തെയും നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അയിരൂർ പോലീസ് ഇരുവിഭാഗങ്ങൾക്കെതിരെയും കേസെടുത്തു.
തിരുവനന്തപുരം: വർക്കല ഇടവയിൽ സിപിഎം കോൺഗ്രസ് സംഘർഷം മൂർച്ഛിക്കുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘർഷങ്ങളുടെ തുടക്കം. ചൊവ്വാഴ്ച രാത്രി സിപിഎം പ്രവർത്തകർ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി കോൺഗ്രസ് പ്രവർത്തകർ സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റുന്നത് സിപിഎം നേതാവ് കണ്ടതും പിന്നീടുണ്ടായ തർക്കവുമാണ് തുടർ സംഘർഷത്തിൽ കലാശിച്ചത്.
സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഇടവ പഞ്ചായത്തംഗം ബിനു വും പ്രവർത്തകരുമായി കോൺഗ്രസ് പ്രവർത്തകർ വാക്കേറ്റമുണ്ടായി. ഇത് ഏറ്റുമുട്ടലിൽ കലാശിച്ചു. ബിനുവിനും സുഹൃത്ത് അജയകുമാറിനും പരിക്കേറ്റു. രാത്രി 9 മണിയോടെ പതിനഞ്ചോളം സിപിഎം പ്രവർത്തകർ സംഘടിച്ച് ഇടവ റെയിൽവേ ഗേറ്റിന് സമീപത്തുള്ള കോൺഗ്രസ് പാർട്ടിയുടെ കൊടിമരങ്ങൾ നശിപ്പിച്ചു. വർക്കല ഇടവ പരവൂർ തീരദേശം റോഡ് സിപിഎം പ്രവർത്തകർ ഉപരോധിച്ചു. ഇതിനിടെ അയിരൂർ പോലീസ് സ്ഥലത്തെത്തി.
കൊടിമരങ്ങളും ഫ്ലെക്സ് ബോർഡുകളും നശിപ്പിച്ചത് ചേരിതിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്തത് കോൺഗ്രസ് - സിപിഎം പ്രവർത്തകർ തമ്മിൽ വീണ്ടും ഏറ്റുമുട്ടലിന് കാരണമായി. ഇരുവിഭാഗങ്ങളും തമ്മിൽ ചേരി തിരിഞ്ഞുണ്ടായ സംഘർഷത്തിൽ ഇരുഭാഗത്തുമായി നിരവധി പേർക്ക് പരിക്കേറ്റു. കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കി റോഡ് ഉപരോധിച്ചതിനും പൊലീസ് കേസെടുത്തു. സിപിഎം പ്രവർത്തകരും ഇടവാ സ്വദേശികളുമായ ബാബുക്കുട്ടൻ , പ്രമോദ് , ഈസ , അർഷാദ് സാബു, ഷിബു തുടങ്ങി കണ്ടാലറിയാവുന്ന 15 ഓളം സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്.
പഞ്ചായത്ത് മെമ്പർ ബിനുവിനെയും സുഹൃത്ത് അജയകുമാറിനെയും മർദ്ദിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരായ സുധീർ, സിദ്ദീഖ് ,സാജിദ്, ഷഹീർഷാ, നിയാസ്, അനസ്, വാസിം, ദിൽഷാദ് എന്നിവരെ പ്രതികളാക്കിയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അയിരൂർ പോലീസ് ഇരു വിഭാഗം ആൾക്കാരെയും പിരിച്ചുവിട്ടതിനുശേഷം കോൺഗ്രസ് പ്രവർത്തകർ രാത്രി 10.20 ന് സിപിഎമ്മിന്റെ ചെറിയ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങൾ പാടില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പൊതുസ്ഥലങ്ങളിൽ നിന്നിരുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടിമരങ്ങൾ നീക്കം ചെയ്തിരുന്നു. ഉത്തരവ് നിലനിൽക്കുമ്പോഴാണ് വീണ്ടും പലയിടങ്ങളിലും കൊടിമരങ്ങൾ പ്രത്യക്ഷപ്പെടുന്നത്.


