കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് യുവാവിന് പൊലീസ് ക്ലിയറൻസ് നിഷേധിച്ചതായി പരാതി. ആലുവ പൊലീസിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജോലിക്കായുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് പൊലീസ് നിഷേധിച്ചെന്ന പരാതിയുമായി ആലുവ കടൂപ്പാടം സ്വദേശി അനസാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ സ്വാഭാവിക നടപടികളുടെ ഭാഗമായുള്ള സംഭവങ്ങളെ ഉണ്ടായിട്ടുള്ളുവെന്നാണ് പൊലീസിന്‍റെ വിശദീകരണം.

കൊച്ചിൻ ഷിപ്പ്യാര്‍ഡിലെ ജോലിക്കായാണ് ആലുവ കടൂപ്പാടം സ്വദേശി അനസ്, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ക്ലിയറന്‍സിനുള്ള അപേക്ഷ നൽകിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള  പ്രതിഷേധത്തില്‍ പങ്കെടുത്തതിനാല്‍ കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ ക്ലിയറന്‍സ് നല്‍കാനാകു എന്നായിരുന്നു എസ് ഐ നൽകിയ വിശദീകരണം.

എം എല്‍ എമാരടക്കമുള്ള ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടുകയും പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ സ്വാഭാവിക നടപടികളുടെ ഭാഗമായാണ് പൗരത്വ ഭേദഗതി പ്രതിഷേധങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് അപേക്ഷയിൽ രേഖപെടുത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. വിഷയം വിവാദമായതോടെ സംഭവം അന്വേഷിക്കണമെന്നും നാളെത്തന്നെ പൊലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നൽകാമെന്നും ആലുവ റൂറൽ എസ്‍പി ഉറപ്പ്  നൽകിയിട്ടുണ്ട്.