കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി വിൽപ്പനയ്ക്ക് വ്യാജ പട്ടയം നിർമ്മിച്ചെന്ന പരാതിയിൽ കേസ് എടുത്ത് അന്വേഷണം വേണമെന്ന് പൊലീസ്. തൃക്കാക്കരയിലെ 73 സെന്‍റ് ഭൂമി വിൽപ്പന നടത്തിയതിലാണ് വ്യാജ പട്ടയം നിർമ്മിച്ചെന്ന പരാതി ഉയർന്നത്. പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ട് എറണാകുളം സിജെഎം കോടതിയ്ക്ക് കൈമാറി.

തൃക്കാക്കര   നൈപുണ്യ സ്കൂളിന് സമീപത്തെ 73 സെന്‍റ് ഭൂമി 7 പ്ലോട്ടുകളായി തിരിച്ച് വിൽപ്പന നടത്തുന്നതിന് സഭ നേതൃത്വം വ്യാജ പട്ടയം നിർമ്മിച്ചെന്നായിരുന്നു പരാതി. എറണാകുളം സിജെഎം കോടതിയുടെ നിർദ്ദേശപ്രകാരമാണ് സെൻട്രൽ പൊലീസ് പ്രാഥമിക അന്വഷണം നടത്തിയത്. അതിരൂപത വിൽപ്പന നടത്തിയ  392/1975 നമ്പർ പട്ടയത്തിന്‍റെ ക്രയവിക്രയാവകാശം കുമ്പളം വില്ലേജിലെ കുഞ്ഞിത്താത്തയ്ക്കാണെന്നാണ് റവന്യു രേഖകളിൽ കാണുന്നതെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. സെപ്ഷ്യൽ തഹസിൽദാർ ഓഫീസിലെ രേഖകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ പട്ടയം വ്യാജമായി നിർമ്മിച്ചാണ് ഭൂമി വിൽപ്പന നടത്തിയതെന്ന് പൊലീസ് റിപ്പോർട്ടിലില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.

1976 ൽ എറണാകുളം ലാന്‍റ് ട്രിബ്യൂണൽ എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തയ്ക്ക് കൈമാറിയതാണ് ഭൂമി എന്നാണ് പട്ടയത്തിൽ രേഖപ്പെടുത്തിയത്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത നിലവിൽ വന്നത് 1992 ലാണെന്ന് പരാതിക്കാരനായ അഡ്വ പോളച്ചൻ പുതുപ്പാറ കോടതിയെ അറയിച്ചിട്ടുണ്ട്. 

അതേസമയം ഭൂമി സഭയുടേതാണെന്നതിൽ തർക്കമില്ലെന്നും വ്യാജ പട്ടയമാണെന്ന പരാതിയിൽ പരിശോധന വേണമെന്നും മാത്രമാണ് പൊലീസ് റിപ്പോർട്ടെന്ന് അതിരൂപത നേതൃത്വം വിശദീകരിക്കുന്നു. പൊലീസ് റിപ്പോർട്ട് ഈ മാസം 14 ന് കോടതി വീണ്ടും പരിഗണിക്കും. 

വീഡിയോ കാണാം