കൊച്ചി: നെട്ടൂരിലെ അർജ്ജുന്‍റെ കൊലപാതകത്തിൽ പ്രതികളുടെ ക്രൂരത വെളിവാക്കി പൊലീസ് റിപ്പോർട്ട്. അർജ്ജുനെ ബോധമില്ലാത്ത അവസ്ഥയിൽ വലിച്ചിഴച്ച് ചതുപ്പിലിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ചോദ്യം ചെയ്യലിനായി പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. 

സംഭവ ദിവസം രാത്രി തിരുനെട്ടൂർ റെയിൽവേ സ്റ്റേഷന് സമീപത്തേക്ക് ഒന്നാം പ്രതി നിബിൻ അർജ്ജുനെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ അർജ്ജുന്‍റെ തലയിൽ നിബിൻ പട്ടിക കൊണ്ടടിച്ചു. നിലത്തു വീണ അർജ്ജുന്‍റെ തലയിൽ കരിങ്കല്ല് കൊണ്ട് വീണ്ടും അടിച്ചു. മൂന്നും നാലും പ്രതികളായ അനന്ദുവും അജിത്തും അർജ്ജുനെ എഴുന്നേൽപ്പിച്ച് നിർത്തിയപ്പോൾ രണ്ടാം പ്രതി റോണി പട്ടിക കൊണ്ട് മർദ്ദനം തുടര്‍ന്നെന്നാണ് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. 

കൊലപാതകം നടന്ന ദിവസം പ്രതികൾ സഞ്ചരിച്ച സ്ഥലങ്ങളിലെത്തിച്ചാണ് ആദ്യ ദിവസം തെളിവെടുപ്പ് നടത്തിയത്. ഇവർ ഉപയോഗിച്ച വാഹനം, മൊബൈൽ ഫോൺ എന്നിവ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ എടുക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, ഗൂഡാലോചന എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.പ്രതികൾക്ക് പ്രദേശത്തെ ലഹരിമാഫിയകളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കും.