Asianet News MalayalamAsianet News Malayalam

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ ആത്മഹത്യ; റെനീസ് വട്ടിപ്പലിശയ്ക്ക് വായ്പ നല്‍കുന്ന ആള്‍, തെളിവുകള്‍ പുറത്ത്

വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് നജ്‍ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കും.

Police say Najla s husband Reneez had a business lending money at interest
Author
Alappuzha, First Published May 21, 2022, 8:57 AM IST

ആലപ്പുഴ: ആലപ്പുഴ എ ആര്‍ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സിലെ  കൂട്ട മരണക്കേസില്‍  പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് റെനീസിന്  വട്ടിപ്പലിശയ്ക്ക് വായ്പ നല്‍കുന്ന  ബിസിനസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബിസിനസിന് പണം കണ്ടെത്തുന്നതിനാണ് നജ്‍ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് നിരന്തരം  പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒമ്പതിനാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ്‍ല  ആത്ഹത്യ ചെയ്തത്. ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്‍റ നിരന്തര പീഡനത്തെ തുടര്‍ന്നാണ് നജ്‍ല ആത്ഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിറ്റേന്ന് തന്നെ റെനീസിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് റെനീസിന് വട്ടിപ്പലിശക്ക് വായ്‍പ നല്‍കുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് മനസ്സിലായത്.

മരണവിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന്  റെനീസ് ഒരു ബാഗുമെടുത്ത് പുറത്തേക്ക് പോകുന്നത് കണ്ടതായി ചില സാക്ഷികള്‍ അന്ന് തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നു. പണവും രേഖകളും  അടങ്ങിയ ഈ ബാഗ്  അമ്പലപ്പുഴയിലെ ബന്ധുവിന്‍റെ വീട്ടില്‍ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ റെനീസ് പറഞ്ഞു. തുടര്‍ന്ന് ബന്ധുവിന്‍റെ വീട്ടില്‍ പരിശോധന നടത്തി പൊലീസ് ബാഗ് കണ്ടെടുത്തു. നിരവധി ആധാരങ്ങള്‍, ബ്ലാക്ക് ചെക്ക് ലീഫുകള്‍, ചെക്ക് ബുക്കുകള്‍, ഒരു ലക്ഷംരൂപയുടെ കറന്‍സി എന്നിവ ബാഗിലുണ്ട്. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് കൂടുതല്‍ സ്ത്രീധനം ചോദിച്ച് നജ്‍ലയെ ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍ . വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും ഒരുപള്‍സര്‍  ബൈക്കും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും വീട്ടില്‍ കൊണ്ടുവിടുകയും ചെയ്യുമായിരുന്നു. പീഡനം സഹിക്കാതെ പിന്നീട് 20 ലക്ഷം രൂപ കൂടി നല്‍കിയിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

  • ഫോൺ നൽകില്ല, നജ്‍ലയെ വീട്ടിൽ പൂട്ടിയിടും,സ്ത്രീധനപീഡനം; പൊലീസ് ക്വാട്ടേഴ്സ് മരണങ്ങളില്‍ ഭർത്താവിനെതിരെ റിപ്പോര്‍ട്ട്

പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന്‍ റെനീസിനെതിരെ ഗുരുതര കണ്ടെത്തലുകൾ. റെനീസിന്‍റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനീസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. 

നജ്ലയെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഒരു സ്ത്രീയെ കല്ല്യാണം കഴിക്കുന്നതിനായി നജ്ലയെ റെനീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. റെനീസിന്‍റ മാനസിക ശാരിര പീഡനങ്ങളാണ് നജ്ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.


 
 

Follow Us:
Download App:
  • android
  • ios