കൊല്ലം: മൺറോ തുരുത്തിൽ സിപിഎം പ്രവ‍ർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയപ്രശ്നങ്ങളില്ലെന്ന് പൊലീസ്. കൊല്ലപ്പെട്ട മണിലാലും കുത്തിയ അശോകനും തമ്മിലുണ്ടായിരുന്ന വ്യക്തിവൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ നിലപാട്. 

റിസോർട്ട് നടത്തിപ്പിലെ പ്രശ്നങ്ങളും മണിലാലിൻ്റെ ഭാര്യയെ കളിയാക്കിയതിനെ തുടർന്നുള്ള തർക്കവും ഇരുവരും തമ്മിലുള്ള സംഘർഷത്തിന് കാരണമായെന്ന് പൊലീസിൻ്റെ എഫ്ഐആറിലും റിമാൻഡ് റിപ്പോർട്ടിലും പറയുന്നു. പൊലീസ് തയ്യാറാക്കിയ രണ്ട് ഔദ്യോ​ഗിക രേഖകളിലും ആ‍ർഎസ്എസിനെക്കുറിച്ചോ സിപിഎമ്മിനെക്കുറിച്ചോ പരാമ‍ശമില്ല. പൊലീസ് റിപ്പോ‍ർട്ടിൻ്റെ പക‍ർപ്പ് ഏഷ്യാനെറ്റ് ന്യൂസിനും ലഭിച്ചിട്ടുണ്ട്. 

ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുൻപാണ് കൊല്ലം മൺറോ തുരുത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപത്ത് വച്ച് പാ‍ർട്ടി പ്രവ‍ർത്തകനായ മണിലാൽ കൊലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച വലിയ പ്രചാരണമാണ് ഇതേ തു‌ട‍ർന്ന് സിപിഎം നടത്തിയത്. മണിലാലിൻ്റെ രാഷ്ട്രീയ കൊലപാതകമാണെന്നും കൊലയ്ക്ക് പിന്നിൽ ആ‍എസ്എസാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു. 

അതേസമയം പൊലീസ് അന്വേഷണ റിപ്പോ‍‍‍ർട്ട് തള്ളിയ സിപിഎം മണിലാലിൻ്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന മുൻവാദത്തിൽ ഉറച്ചു നിൽക്കുകയാണ്.  പൊലീസ് അന്വേഷണത്തിൻ്റെ അവസാനഘട്ടത്തിൽ എല്ലാം വ്യക്തമാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ ഇക്കാര്യം വ്യക്തമാകുമെന്നും റൂറൽ എസ് പിയയും രഖഞ്ഞു


മൺറോത്തുരുത്തിലെ അഞ്ചാം വാർഡ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നിൽ വച്ച് ഡിസംബർ ആറിന് രാത്രി 8:30നാണ് മണിലാൽ എന്ന അമ്പതുകാരൻ കുത്തേറ്റ് മരിച്ചത്. ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച അശോകൻ എന്ന പ്രദേശവാസിയാണ് മണിലാലിനെ കുത്തിയത്. ഒരു മാസം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരിട്ടെത്തിയാണ് അശോകനും കുടുംബത്തിനും ബിജെപി അംഗത്വം നൽകിയതെന്നും അതുകൊണ്ടു തന്നെ ആസൂത്രിത  രാഷ്ട്രീയ കൊലപാതകമാണ് ഉണ്ടായതെന്നും സി പി എം വിമർശനം ഉയർത്തിയിരുന്നു.

കേസിൽ പ്രതിയായ അശോകൻ്റെ ഭാര്യ ബി ജെ പി ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നെന്ന കാര്യം ബിജെപി പ്രാദേശിക നേതൃത്വം സമ്മതിച്ചിരുന്നു. എന്നാൽ അശോകൻ സിപിഎം അനുഭാവിയാണെന്നും മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നുമാണ് ബിജെപി നേരത്തെ നൽകിയ വിശദീകരണം. 

വ്യക്തിപരമായ തർക്കങ്ങളെ തുടർന്നുള്ള കൊലപാതകം എന്ന വിവരമാണ് കിട്ടിയതെന്നും  രാഷ്ട്രീയ കൊലപാതകം എന്ന ആരോപണത്തെ കുറിച്ചും അന്വേഷിക്കുമെന്നും പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മണിലാലിനെ കുത്തിയ അശോകനേയും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സത്യനെന്നയാളും നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലാണ്.