കൊലപാതകത്തിനായി പ്രതികള്‍ നടത്തിയത് വലിയ ഗൂഢാലോചനയാണെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. 

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍റേത് (Sreenivasan Murder) പട്ടിക തയ്യാറാക്കി നടത്തിയ കൊലപാതകമെന്ന് അന്വേഷണ സംഘം കോടതിയില്‍. കൊലപാതകത്തിനായി വലിയ ഗൂഡാലോചന നടത്തിയെന്നും നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ പൊലീസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ശ്രീനിവാസന്‍റെ കൊലപാതക ഗൂഡാലോചനയില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയത്. 

YouTube video player

മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും പ്രതികള്‍ക്ക് ആയുധമെത്തിക്കുന്നതില്‍ സഹായിക്കുകയും ചെയ്തു. റിസ്വാനാണ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശേഖരിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. എതിരാളികളുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണിതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് കോടതി നാലു പ്രതികളെയും ഞായറാഴ്ച്ച വരെ കസ്റ്റഡിയില്‍ നല്‍കിയത്. പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

ശ്രീനിവാസന്‍റെ ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും ഗൂഡാലോചനയിൽ പങ്കാളികളായ പത്ത് പേരുമാണ് ഇതിനോടകം അറസ്റ്റിലായത്. പ്രതി അബ്ദുറഹ്മാനുമായി രണ്ട് ദിവസം മുമ്പ് നടത്തിയ തെളിവെടുപ്പിൽ കല്ലടിക്കോടു നിന്ന് ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്ത്രവും കണ്ടെത്തിയിരുന്നു. അതിനിടെ സുബൈര്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ അതൃപ്തി പരസ്യമാക്കി സുബൈറിന്‍റെ സഹോദരന്‍ രംഗത്തെത്തി. മൂന്നു പേരിലൊതുങ്ങുന്നതല്ല ഗൂഡാലോചനയെന്ന് സഹോദരന്‍ പറഞ്ഞു. സുബൈര്‍ കേസില്‍ ഗൂഡാലോചനയില്‍ പങ്കെടുത്ത ഒരാള്‍ പിടിയിലായതായാണ് സൂചന.