ചക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ പരുക്കുകൾ ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.

വയനാട്: വയനാട് നൂൽപ്പുഴ കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകം. എഴുപതുകാരിയായ ചിക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി. തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞു. സംഭവത്തിൽ ചിക്കിയുടെ ഭർത്താവ് ഗോപിയെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുൻപാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചിക്കി മരിക്കുന്നത്. ചിക്കി കിടങ്ങിൽ വീണ് മരിച്ചെന്നാണ് ഭർത്താവ് ഗോപി ആളുകളോട് പറഞ്ഞത്. ഗോത്രാചാരങ്ങൾ ഒന്നുമില്ലാതെ മൃതദേഹം സംസ്ക്കരിച്ചു. പിന്നീട് സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. കേസെടുത്ത ബത്തേരി പൊലീസ് കൊലപാതകമാണന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തി. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെ ഇന്ന് മൃതദേഹം പുറത്തെടുത്തു. 

ഫോറൻസിക് വിഭാഗം മോധാവിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. ചിക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ് പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് ഗോപിയെ ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിക്കിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപിച്ചുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് അടിയ്ക്കാൻ ഉപയോഗിച്ച ആയുധം ഇനി കണ്ടെത്തണം. ഇതിനായി പ്രതിയെ നാളെ തെളിവെടുപ്പിന് കൊണ്ടുപോകും.

കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങി; രണ്ടു വയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന

കോഴിക്കോട്: കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍. കോഴിക്കോട് കുതിരവട്ടം സജീവ് കുമാറിന്റെ മകന്‍ അമര്‍നാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. പാത്രം മുറിച്ച് മാറ്റി അഗ്നി രക്ഷാസേന കുട്ടിയെ രക്ഷപ്പെടുത്തി. കളിച്ചു കൊണ്ടിരിക്കെയായിരുന്ന രണ്ടുവയസുകാരന്‍ അമര്‍നാഥിന്റെ തലയിലാണ് അലൂമിനിയത്തിന്റെ പാത്രം കുടുങ്ങിയത്. കുട്ടി കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിക്കാത്തതോടെയാണ് ഫയർഫോഴ്സിന്റ സഹായം തേടിയത്. 

തലയില്‍ പാത്രം കൂടുങ്ങിയ അമർനാഥിനെയും എടുത്ത് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റര്‍ അകലെയുള്ള മീഞ്ചന്ത അഗ്നിരക്ഷാ സേനയുടെ ഓഫീസിലേക്കെത്തി. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ പാത്രം മുറിച്ചു മാറ്റുകയായിരുന്നു. ഷിയേഴ്സ് എന്ന ഉപകരണം ഉപയോഗിച്ചാണ് തലയില്‍ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റിയത്. അയല്‍വാസികളായ വിബീഷ്, പ്രതീഷ് എന്നിവര്‍ കുഞ്ഞിനെ മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. സജിലന്‍, ഇ.എം. റഫീഖ്, ശിവദാസന്‍, കെ.എം. ജിഗേഷ്, പി. അനൂപ്, സി.പി. ബിനീഷ്, പി. രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാത്രം തലയിൽ നിന്ന് എടുക്കാൻ സാധിച്ചതോടെയാണ് മാതാപിതാക്കളുടെ ശ്വാസം നേരെ വീണത്. തലയിൽ പാത്രം കുടുങ്ങിയതോടെ ഏറെ ആശങ്കയിലായിരുന്നു വീട്ടുകാർ. 

പാത്രം, മോതിരം എന്നിവ കുടങ്ങി നിരവധി പേരാണ് സഹായത്തിനായി ഫയർഫോഴ്സിനായി സമീപിക്കാറുള്ളത്. കുട്ടികളാണ് ഏറെയും ഇത്തരം അപകടങ്ങളിൽപ്പെടുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്നത് അപകടമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ, ഫയർഫോഴ്സ് എത്താൻ വൈകിയാൽ പ്രശ്നം ​ഗുരുതരമാകും. മോതിരം കുടുങ്ങിയത് മുറിച്ചുമാറ്റാൻ നിരവധിപേരാണ് സമീപകാലത്ത് ഫയർഫോഴ്സിനെ സമീപിച്ചത്.