തിരുവനന്തപുരം: സായുധ സേനാ ക്യാമ്പിൽ നിന്ന് കാണാതായെന്ന് സിഎജി ചൂണ്ടിക്കാണിച്ച 25 തോക്കുകളും കണ്ടെത്തിയതായി പൊലീസ്. ക്രൈംബ്രാഞ്ച് ഒരിക്കൽ കൂടി ആയുധങ്ങൾ പരിശോധിക്കുമെന്നും പൊലീസ് ആസ്ഥാനത്തും നിന്നും ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നിലും ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് പൊലീസിന്‍റെ ശ്രമം.

എസ്എപി ക്യാമ്പിൽ നിന്നും തോക്കുകൾ കാണാനില്ലെന്ന സിഎജിയുടെ കണ്ടെത്തലിലാണ് പൊലീസ് ഏറ്റവും അധികം വെട്ടിലായത്. കാണാതായെന്ന് പറയുന്ന 25 തോക്കുകളും ക്യാമ്പിലുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന്‍റെ വിശദീകരണം. 2011 ഫെബ്രുവരി 14ന് ഈ തോക്കുകൾ എ ആർ ക്യാമ്പിലേക്ക് മാറ്റിയെന്നും 2013 ഓക്ടോബോർ 23 ന് തിരികെ എത്തിച്ചെന്നും കമാണ്ടന്‍റ് വിമൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇത് സംബന്ധിച്ച് സിഎജിക്ക് പൊലീസ് നൽകിയ വിശദീകരണ റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഈ വീശദീകരണം സിഎജി തള്ളിയിരുന്നു. എസ്എപി ക്യാമ്പിലും എആർ ക്യാമ്പിലും രജിസ്റ്ററിൽ ആയുധങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയില്ലെന്ന കാരണമാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. രജിസ്റ്റർ രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥർക്ക് പറ്റിയ വീഴ്ചയാണ് കാരണമെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ വിശദീകരണം.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആയുധങ്ങൾ കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതുവരെ ഒന്നുമായില്ല. പുതിയ സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് മേധാവി നിർദ്ദേശം നൽകി. കാണാതായെന്ന സിഎജി റിപ്പോ‍ട്ടിലുള്ള എസ്എപി ക്യാമ്പിലുള്ള 660 ഓട്ടോമാറ്റിനക് തോക്കുകളും ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകി.

Also Read: പൊലീസിൽ വൻ ആയുധശേഖരം കാണാനില്ല, പകരം വ്യാജ ഉണ്ടകൾ വച്ചെന്ന് സിഎജി, ഗുരുതരമായ കണ്ടെത്തൽ