എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് സംബന്ധിച്ച പരാതികൾ തള്ളി പൊലീസ്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാൻ കഴിയില്ലെന്നും പരാതി നൽകിയ ഫോർട്ട് കൊച്ചി സ്വദേശി പി കെ ഹാരിസിന്‍റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസ് അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി ആശുപത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ഹാരിസിന്‍റെ കുടുംബം ആരോപിച്ചു.

മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസറുടെ ഓഡിയോ പുറത്ത് വന്നതിന് ശേഷം കഴിഞ്ഞ മാസം 19 ആം തിയതിയാണ് ഹാരിസിന്‍റെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ കളമശ്ശേരി പൊലീസിൽ പരാതി നൽകുന്നത്. ഇതിന് പിന്നാലെ ആശുപത്രിയിലെ ജൂനിയർ ഡോക്ടർ നജ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അശോകപുരം സ്വദേശി ജമീലയുടെയും, ആലുവ സ്വദേശി ബൈഹക്കിയുടെയും ബന്ധുക്കളും പരാതിയുമായി എത്തുന്നത്.

പല ഷിഫ്റ്റുകളിലും, ക്വാറന്‍റീനിലുമായ ആശുപത്രി സ്റ്റാഫുകളുടെ മൊഴിയെടുക്കാൻ പൊലീസ് ഒരു മാസത്തോളം സമയമെടുത്തു. തുടർന്ന് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് ആശുപത്രി അധികൃതർക്ക് ക്ലീൻ ചീറ്റ്. നിയമനടപടി എടുക്കാനാകില്ലെന്ന പൊലീസ് നിലപാടിനെതിരെ ഹാരിസിന്‍റെ കുടുംബം രംഗത്ത് വന്നു. പരാതിയെ തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ മൊഴിയെടുത്തതിന് ശേഷം റിപ്പോർട്ട് രണ്ടാഴ്ച മുൻപെ സർക്കാരിന് കൈമാറിയിരുന്നു.