തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ജയിൽ ചാടുന്ന വനിതാ തടവുകാരാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രക്ഷപ്പെട്ട സന്ധ്യയും ശിൽപയും. ഒരേ സെല്ലിലായിരുന്ന രണ്ട് പേരും കൃത്യമായ പ്ലാനിങ്ങോടെയാണ് ജയിൽ ചാടിയത്. ജയിൽ ശുചിമുറിയുടെ പിറകിലായി അധികമാരും ശ്രദ്ധിക്കാത്ത ഇടം തന്നെ ജയിൽ ചാടാൻ തെരഞ്ഞെടുത്തതും ഇത് കൊണ്ട് തന്നെ. റിമാൻഡ് പ്രതികളാണ് രണ്ട് പേരും.

ജയിൽ ചാടുന്നതിന് മുമ്പായി ശിൽപ തന്‍റെ സഹായിയെ ജയിലിൽ നിന്ന് വിളിച്ചിരുന്നു. ജയിലിലെ ഒരു രൂപ കോയിനിട്ട് വിളിക്കാവുന്ന ഫോണിൽ നിന്നാണ് ഇവ‍ർ ഇയാളുമായി ബന്ധപ്പെടുന്നത്. അടുക്കളത്തോട്ടത്തിൽ മുരിങ്ങ മരത്തോട് ചേർന്നുള്ള ഭാഗത്ത് മതിലിന് ഉയരം കുറവാണെന്ന വിവരം ഇവ‍‍ർക്ക് കിട്ടിയത് ഇയാളിൽ നിന്നാണെന്ന് സംശയിക്കപ്പെടുന്നു. ഇയാളെപ്പറ്റി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. എന്നാൽ തടവുകാരികൾ എവിടെയാണെന്നതിനെക്കുറിച്ച് ഒരു സൂചനയും കിട്ടിയിട്ടില്ല.

എന്തായിരുന്നു ഇവർക്കെതിരായ കേസുകൾ?

പാങ്ങോട് സ്വദേശിയായ ശിൽപയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്‍റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റിലായ സന്ധ്യ വർക്കല സ്വദേശിയാണ്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. ജാമ്യമെടുക്കാൻ പണമില്ലാത്തതിനാലാവണം ഇവർ ജയിൽ ചാടാൻ തീരുമാനിച്ചതെന്നാണ് ജയിലധികൃതരും പൊലീസും സംശയിക്കുന്നത്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. ഇതും ഇവരെ തടവ് ചാട്ടമെന്ന തീരുമാനത്തിലേക്ക് നയിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. ജാമ്യമെടുക്കാൻ പണമില്ലെന്നും ജയിൽ ചാടാതെ മറ്റ് വഴിയില്ലെന്നും ഇവർ സഹതടവുകാരിയോട് പറഞ്ഞിരുന്നു. 

ജയിൽ ചാടിയ ശേഷം

ഇവർ തടവ് ചാടുന്ന വിവരം ജയിലിലെ മറ്റൊരു തടവുകാരിക്കും അറിയാമായിരുന്നു. നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. ജയിലിനുള്ളിൽ പ്രതികൾ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ജയിൽ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയിൽ ഡിഐജി സന്തോഷ് അന്വേഷിക്കും.

സിസിടിവിയിൽ പതിഞ്ഞ ജയിൽചാട്ടം

ഇതിനിടയിലാണ് പ്രതികൾ ജയിൽ ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. അടുക്കളത്തോട്ടത്തിലെ മതിലിനോട് ചേർന്നുള്ള മുരിങ്ങ മരത്തിൽ കയറി മതിൽ ചാടിയ ഇവ‍ർ ഒരു ഓട്ടോയിൽ കയറി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വനിതാ തടവുകാരികൾക്ക് അസാധ്യമെന്ന് കരുതാവുന്ന വിധത്തിലാണ് ഇരുവരുടെയും തടവ് ചാട്ടമെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇരുവരുടെയും വീടുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.