ഈ സാഹചര്യത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയത്.
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലുള്ള ഓഫീസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫീസിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിലും സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയത്.
അതിനിടെ, കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ പൊലീസിൽ പരാതി നൽകി. ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുൽ പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എംപിയെ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകള്‍ക്കെതിരായ നടപടികള്‍ക്കുശേഷം എവിടെയും കാണാനില്ലാത്ത സാഹചര്യമാണെന്നാണ് ഗോകുൽ പരാതിയിൽ ഉന്നയിക്കുന്നു. ഇതിനാൽ കേന്ദ്രസഹമന്ത്രിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്ന് പറഞ്ഞുകൊണ്ടാണ് പരാതി.



