വാഹനത്തിന്‍റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊല്ലം: കൊല്ലപ്പെട്ട ആഗോള ഭീകരനും അല്‍ ഖ്വയ്ദ മേധാവിയുമായ ഉസാമാ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പള്ളിമുക്കില്‍ വച്ചാണ് ഈ കാര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനത്തിന്‍റെ ഉടമയെ ചോദ്യം ചെയ്തു വരികയാണ്. 

Add Asianetnews as a Preferred SourcegooglePreferred

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം കേരളത്തില്‍ നിന്നും ചിലരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. സമുദ്രാതിര്‍ത്തി വഴി ലങ്കയില്‍ നിന്നും ചാവേറുകള്‍ കേരളത്തിലും എത്തിയേക്കാം എന്ന വിവരത്തെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് സുരക്ഷാ ഏജന്‍സികള്‍ പുലര്‍ത്തി പോരുന്നത്.

തീവ്രവാദ ആശയധാരകളോടും തീവ്രവാദി നേതാക്കളോടും അനുഭാവം വച്ചു പുലര്‍ത്തുന്നവരെ തിരിച്ചറിയാന്‍ സമൂഹമാധ്യമങ്ങളിലടക്കം പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും ശക്തമായ നിരീക്ഷണം നടത്തി വരികയാണ്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ആഗോള തീവ്രവാദിയുടെ ചിത്രം പതിച്ച കാര്‍ കൊല്ലത്ത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതും അത് കസ്റ്റഡിയിലെടുത്തതും.