Asianet News MalayalamAsianet News Malayalam

സ്വർണ്ണക്വട്ടേഷൻ കേസുകളിൽ പൊലിസിന് മെല്ലെപ്പോക്ക്; മിക്ക കേസുകളിലും അന്വേഷണം പൂര്‍ത്തിയായില്ല

സ്വർണ്ണക്കടത്ത് സംഘം  അഗളി സ്വദേശി ജലീലിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ കേരളത്തിലെ സ്വർണ്ണക്കടത്ത് മാഫിയയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ്  തയ്യാറാക്കിയ പരമ്പര തുടങ്ങുന്നു. അടങ്ങാത്ത സ്വർണ്ണപ്പക.

Police slow down in gold hunting cases
Author
Malappuram, First Published May 25, 2022, 10:33 AM IST

മലപ്പുറം: സ്വർണ്ണക്വട്ടേഷൻ കേസുകളിൽ പൊലിസിന് (Police) മെല്ലെപ്പോക്ക്. രാമനാട്ടുകര കേസിലേതടക്കം സുപ്രധാന കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഇനിയും പൊലിസിനായില്ല. സ്വർണ്ണക്കടത്ത് സംഘം  അഗളി സ്വദേശി ജലീലിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ കേരളത്തിലെ സ്വർണ്ണക്കടത്ത് മാഫിയയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ്  തയ്യാറാക്കിയ പരമ്പര തുടങ്ങുന്നു. അടങ്ങാത്ത സ്വർണ്ണപ്പക.

കഴിഞ്ഞ ജൂണിൽ രാമനാട്ടുകരയിൽ സ്വ‍ർണ്ണക്കവർച്ചാ സംഘം പിന്തുടരുന്നതിനിടെ അഞ്ചുപേർ അപകടത്തിൽ മരിച്ച സംഭവം ശ്രദ്ധ നേടിയത് അർജ്ജുൻ ആയങ്കിയെന്നെ കണ്ണൂരിലെ ഡിവൈഎഫ്ഐ മുന്‍ പ്രവര്‍ത്തകന്‍റെ  ഇടപെടലിന്‍റെ പേരിലായിരുന്നു. പൊട്ടിക്കലെന്ന പേരിലറിയപ്പെടുന്ന സ്വർണ്ണം തട്ടിയെടുക്കാൻ അന്ന് രണ്ട് സംഘങ്ങളാണ് കരിപ്പുരിലെത്തി കാരിയറെ പിന്തുട‍ർന്നത്. വർഷം ഒന്നു തികയുമ്പോഴും കേസിൽ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ല പൊലിസിന്. കരിപ്പൂർ കേന്ദ്രീകരിച്ച് നടന്ന നിരവധി പൊട്ടിക്കൽ കേസുകളിൽ ഒന്നു മാത്രമായിരുന്നു ഇത്. മറ്റു പല കേസുകളിലും അന്വഷണത്തിന് കാര്യമായ പുരോഗതിയില്ല.

  • 2021 ഏപ്രില്‍ 21- നാദാപുരം സ്വദേശിയായ കാരിയറെ കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ശേഷം ഒരുസംഘം തട്ടിക്കൊണ്ട് പോയി കവര്‍ച്ച നടത്തി.ടാക്സി ഡ്രൈവറാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. എന്നാല്‍ മര്‍ദ്ദനമേറ്റ കാരിയര്‍ക്ക് പരാതിയില്ല. കരിപ്പൂര്‍ പൊലീസെടുത്ത കേസ് തുമ്പില്ലാതെ അവസാനിച്ചു.
  • 2021 ജനുവരി 4- കോട്ടക്കല്‍ സ്വദേശിയായ യുവാവിനെ കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ശേഷം വാഹനം തടഞ്ഞ് വച്ച് ക്രൂരമായി മര്‍ദിച്ച് അവശനാക്കി 40 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണമാണ് കവര്‍ന്നത്. 16 പേര്‍ പിടിയിലായി. ഈ കേസില്‍ ഇനിയും ആളുകള്‍ അറസ്റ്റിലാകാനുണ്ട്.
  • 2021 ഡിസംബര്‍ 21- കരിപ്പൂര്‍ എയര്‍പോട്ടില്‍ ഇറങ്ങിയ തമരശേരി സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് അവശനാക്കി. സ്വര്‍ണവും മറ്റ് സാധനങ്ങളും കവര്‍ന്നു. രണ്ട് പേരെ മാത്രമേ അറസ്റ്റ് ചെയ്യാനായുള്ളു. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.


കൃത്യമായ ആസൂത്രണത്തോട് കൂടിയാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം. തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലുള്ളവര്‍ക്ക് പോലും പലപ്പോഴും പരസ്പരം അറിവുണ്ടാവില്ല. കാരിയര്‍ക്ക് ജീവഹാനിയുണ്ടാകുമ്പോഴോ ഗുരുതരമായി പരുക്കേല്‍ക്കുമ്പോഴോ മാത്രമാണ് അണിയറക്കഥകള്‍ പുറം ലോകം അറിയുന്നത്. ഓരോ സംഭവത്തിന് ശേഷവും പൊലിസ് ജാഗ്രത കാണിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ജലീലിന്‍റെ കൊലപാതകത്തോടെ സ്വർണ്ണ മാഫിയയെ പൊലിസിന് ഒന്നും ചെയ്യാനാകുന്നില്ലെന്ന അവസ്ഥ  വ്യക്തമാവുകയാണ്.

Follow Us:
Download App:
  • android
  • ios