Asianet News MalayalamAsianet News Malayalam

സുഭദ്ര കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക്? പ്രതി മാത്യുവിന്‍റെ ബന്ധുവിനെ ചോദ്യം ചെയ്യാൻ പൊലീസ്

കൊലപാതകത്തിന് റൈനോൾഡ് സഹായം ചെയ്തോ എന്നാണ് പൊലീസിന്റെ സംശയം. കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നൽകിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

police suspected more people in Subhadra Murder Case
Author
First Published Sep 13, 2024, 4:32 PM IST | Last Updated Sep 13, 2024, 6:32 PM IST

ആലപ്പുഴ: സുഭദ്ര കൊലപാതക കേസിൽ  കൂടുതല്‍ പേര്‍ക്ക് പങ്കെന്ന സംശയത്തിൽ പൊലീസ്. കേസിൽ അറസ്റ്റിലായ പ്രതി മാത്യുവിന്റെ ബന്ധുവായ റൈനോൾഡിനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. കൊലപാതകത്തിന് റൈനോൾഡ് സഹായം ചെയ്തോ എന്നാണ് പൊലീസിന്റെ സംശയം. കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നൽകിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. മാത്യുവിനും ശർമിളയ്ക്കും ലഹരി എത്തിച്ച് നൽകുന്നത് റെയ്നോൽഡ് ആണെന്നാണ് പൊലീസ് പറയുന്നത്. 

ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മർദ്ദനത്തിന് ശേഷമാണെന്നാണ് പൊലീസ് പറയുന്നത്. 73 കാരി സുഭദ്രയുടെ നെഞ്ചിൽ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇന്നലെ കർണാടക മണിപ്പാലിൽ നിന്ന് പിടിയിലായ പ്രതികളെ ഇന്ന് രാവിലെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിൽ സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. മാത്യുവും ഷർമിളയും ചേർന്ന് സുഭദ്രയെ അതിക്രൂരമായി മർദിച്ചു. മേസ്തിരിയെ വിളിച്ചു വരുത്തി വീടിന് പിറകുവശത്ത് കുഴി എടുത്ത ശേഷം ഏഴാം തിയ്യതി വൈകുന്നേരം തന്നെയാണ് കൊലപാതകം നടന്നന്നതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഉഡുപ്പിയിൽ നിന്നും എട്ട് കിലോ മീറ്റർ അകലെയുള്ള മണിപ്പാലിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് പ്രതികൾ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഉഡുപ്പി സ്വദേശിയായ ശർമിള പോകാൻ സാധ്യത ഉള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ വിവരങ്ങൾ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവിടങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. കൃത്യത്തിന് ശേഷം ഉഡുപ്പിയിലെത്തിയ പ്രതികൾ അടുത്ത ദിവസങ്ങളിൽ തന്നെ കൊച്ചിയിൽ തിരിച്ചെത്തി. കൊലപാതക വിവരം പുറത്തറിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് മണിപ്പാലിലേക്ക് യാത്ര തിരിച്ചത്. മാത്യുവിന്റെ സുഹൃത്തായ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് വിലയിരുത്തൽ. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും കൂടുതൽ തെളിവെടുപ്പിലേക്ക് നീങ്ങുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios