കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിർമ്മാണം, ഐ ടീ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് ടൗൺ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിർമ്മാണം, ഐ ടീ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. കേസില്‍ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല. സംഭവത്തില്‍ കോർപ്പറേഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോർപ്പറേഷൻ അഡീഷനൽ സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുക. ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കും. അടുത്തിടെ നൽകിയ മുഴുവൻ കെട്ടിട അനുമതിയും പരിശോധിക്കും.

ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വൻ തട്ടിപ്പാണ് കോർപറേഷനിൽ നടന്നത്. സെക്രട്ടറിയുടെ പാസ് വേർഡ് ചോർത്തിയാണ് പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകിയത്.

നാല് പേർക്കെതിരെ നടപടി

പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടത്തിന് നമ്പർ ഇട്ട് നൽകിയ സംഭവത്തിൽ നാല് പേർക്കെതിരെ നടപടിക്ക് ഉത്തരവെടുത്തിട്ടുണ്ട്. കോർപറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം. കോഴിക്കോട് കോർപറേഷൻ ഓഫീസിലെ സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്.

300 ലേറെ കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തി

നഗരസഭ പൊളിക്കാൻ നിർദ്ദേശം നൽകിയ കെട്ടിടത്തിന് നമ്പരിട്ട് നികുതി സ്വീകരിച്ച സംഭവത്തിന് തൊട്ടുപുറകേയാണ് കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നത്. കോർപ്പറേഷൻ പരിധിയിൽ കഴി‍ഞ്ഞ ആറ് മാസത്തിനിടെ 300ഓളം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തി. നിർമാണാനുമതി നൽകുന്ന സോഫ്റ്റ് വെയർ പാസ് വേഡ് ചോർത്തിയാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്. മൂന്ന് ഘട്ടങ്ങളില്‍ പരിശോധന നടത്തി മാത്രമേ കെട്ടിട നമ്പര്‍ നല്‍കാന്‍ കഴിയൂവെന്നിരിക്കെ നടന്ന ക്രമക്കേടിന് പിന്നില്‍ വിലിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന.

ആറ് മാസത്തിനിടെ ചെറുവണ്ണൂർ സോണൽ ഓഫീസിൽ 260, കോർപ്പറേഷൻ ഓഫീസിൽ 30, ബേപ്പൂർ സോണൽ ഓഫീസിൽ നാല് എന്നിങ്ങനെയാണ് അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിച്ചിരിക്കുന്നത്. സഞ്ജയ് സോഫ്റ്റ് വെയറിന്‍റെ പാസ് വേഡ് ചോർത്തിയാണ് ക്രമക്കേട് നടന്നതെന്ന് കോർപ്പറേഷൻ കണ്ടെത്തി. ഇതിന് വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. മൂന്ന് ഘട്ടങ്ങളിലുളള പരിശോധനയിലൂടെ മാത്രമേ സോഫ്റ്റ് വെയറിലൂടെ ഒരു കെട്ടിടത്തിന്‍റെ നികുതി സ്വീകരിക്കാനാവൂ. പ്രസ്തുത കെട്ടിടത്തിന് ക്രമക്കേടുകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥൻ നേരിട്ട് സാക്ഷ്യപ്പെടുത്തുകയും വേണം. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ ക്രമക്കേട് നടന്നിട്ടുണ്ട്. 

അതായത് ഒരു ഉദ്യോഗസ്ഥന്റെ മാത്രം യൂസർ നെയിമോ പാസ് വേഡോ ചോർത്തുക വഴി ക്രമക്കേട് കാണിക്കാനാവില്ല. കഴിഞ്ഞ ദിവസം കണ്ടെത്തിയ ക്രമക്കേടിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണത്തിന് മാത്രമാണ് കോർപ്പറേഷൻ ഉത്തരവിട്ടിരിക്കുന്നത്. ക്രമവത്കരിച്ച കെട്ടിടങ്ങൾക്ക് ഡിജിറ്റൽ സിഗ്നേചർ ഇട്ടത് ചെറുവണ്ണൂർ സോണൽ ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ നാല് കെട്ടിടങ്ങളിൽ മാത്രമാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നതെന്നും കെട്ടിട ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് ഉടൻ മൊഴിയെടുക്കുമെന്നുമാണ് കോർപ്പറേഷൻ ഇപ്പോഴും വിശദീകരിക്കുന്നത്.