കൊല്ലം: കൊല്ലത്ത് ഗൃഹ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയ ആളെ പൊലീസ് പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കടപ്പാക്കട ചന്തയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച കര്‍ണാടകയില്‍ നിന്നെത്തിയ ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി ഗൃഹ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ വീട്ടില്‍ കഴിയാതെ വഴിയോരങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. 

ഇന്ന് ചന്തയില്‍ ഇയാളോടൊപ്പം മദ്യപിച്ച നാലുപേരെയും ഇതിൽ ഒരാളുടെ ഭാര്യയെയും പൊലീസ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ കര്‍ണാടകയിൽ നിന്ന് എങ്ങനെ കൊല്ലത്തെത്തിയെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ഇയാള്‍ നല്‍കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.