ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതിയെ പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് പരാതി
കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ (Balachandrakumar) ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ യുവതിയിൽ നിന്ന് പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ രഹസ്യമൊഴി നൽകിയ യുവതിയിൽ നിന്ന് കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഇന്നും മൊഴി എടുത്തത്.
തിരുവനന്തപുരം ഹൈ ടെക് സെൽ അഡിഷണൽ എസ് പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. യുവതിയുടെ മൊഴി മുഴുവൻ രേഖപ്പെടുത്തിയ പൊലീസ്, കേസിൽ തുടർ നടപടികളുമായി മുന്നോട്ട് പോകും.
ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതിയെ പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനദൃശ്യങ്ങൾ മൊബൈല്‍ ഫോണിൽ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് വരെ പരാതി നല്‍കാതിരുന്നതെന്ന് യുവതി പറയുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാചന്ദ്രകുമാർ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി പറയുന്നത്.
ഗൂഢാലോചന കേസ്; അറസ്റ്റ് ഒഴിവാക്കാന്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ദിലീപ്
അതിനിടെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. ദിലീപും സഹോദരന്‍ അനൂപും സുരാജുമാണ് കോടതിയില്‍ ഹാജരായത്. കോടതിയില്‍ നിന്ന് ജാമ്യമെടുക്കുന്നതിനാണ് പ്രതികള്‍ നേരിട്ട് ഹാജരായത്. വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യമുണ്ടെങ്കിലും നടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചിന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താം. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരായത്. ആലുവയിലെ ദിലീപിന്‍റെ വീടായ പദ്മസരോവരത്തില്‍ 2017 നവംബർ 15 ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. കേസില്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
