ആലുവയിലെ ദിലീപിന്‍റെ വീടായ പദ്മസരോവരത്തില്‍  2017 നവംബർ 15ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. 

കൊച്ചി: ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ ദിലീപ് (Dileep) അടക്കമുള്ള പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ദിലീപ് അടക്കം അഞ്ച് പ്രതികൾ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തത്. കേസിൽ ഹൈക്കോടതി പ്രതികൾക്ക് മുൻകൂർ‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് ക്രൈംബ്രാ‌ഞ്ചിന് തടസ്സമുണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്താൽ അന്നുതന്നെ ജാമ്യം നൽകണമെന്നായിരുന്നു ഹൈക്കോടതി വ്യവസ്ഥ. കൊലപാതക ഗൂഡാലോചന ആയതിനാൽ ദിലീപിനും കൂട്ട് പ്രതികൾക്കും സ്റ്റേഷൻ ജാമ്യം നൽകാനാകില്ല. പ്രതികളെ ക്രൈംബ്രാ‌ഞ്ചിന് കോടതിയിൽ ഹാജരാക്കേണ്ടിവരും.

ക്രൈംബ്രാ‌ഞ്ചിന്‍റെ ഈ അറസ്റ്റ് നടപടി ഒഴിവാകുന്നതിനാണ് ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തത്. ഒരു ലക്ഷം രൂപയ്ക്ക് തതുല്യമായ രണ്ടാൾ ജാമ്യക്കാരെ പ്രതികൾ കോടതിയിൽ ഹാജരാക്കി. കൂടാതെ പാസ്പോര്‍ട്ട് കോടതിയിൽ കെട്ടിവെച്ചു. ഇനി കേസിൽ പ്രതികളെ നോട്ടീസ് നൽകി വിളിച്ച് ചോദ്യം ചെയ്യാൻ മാത്രമാണ് ക്രൈംബ്രാഞ്ചിന് കഴിയുക. കേസിൽ കഴിഞ്ഞ ദിവസം ദീലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ സാമ്പിള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോയും പ്രതികളുടെ ശ്ബദവും ഒന്ന് തന്നെ എന്ന് സ്ഥിരീകരിക്കുന്നതിനാണ് സാമ്പിളുകള്‍ ശേഖരിച്ചത്. വരും ദിവസം പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കും. ഇതിന് ശേഷമാകും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ.