നിയമനത്തിൽ ശിവശങ്കറിന്റെ പങ്ക് സ്വപ്ന കൃത്യമായി പറഞ്ഞതോടെ കൻറോൺമെൻറ് പൊലീസിന്റെ അന്വേഷണ പരിധിയിൽ ശിവശങ്കറിനെയും ഉൾപ്പെടുത്തേണ്ട സ്ഥിതിയാണ്.

തിരുവനന്തപുരം: സ്പേസ് പാർക്ക് നിയമനക്കേസിലും ലൈഫ് കോഴക്കേസിലും തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണത്തിൽ മെല്ലോപ്പോക്ക് നടത്തുന്ന സംസ്ഥാന ഏജൻസികളെ വെട്ടിലാക്കുന്നതാണ് സ്വപ്ന സുരേഷിന്റെ (Swapna suresh) പുതിയ വെളിപ്പെടുത്തലുകൾ. നിയമനത്തിൽ ശിവശങ്കറിന്റെ പങ്ക് സ്വപ്ന കൃത്യമായി പറഞ്ഞതോടെ കൻറോൺമെൻറ് പൊലീസിന്റെ അന്വേഷണ പരിധിയിൽ ശിവശങ്കറിനെയും ഉൾപ്പെടുത്തേണ്ട സ്ഥിതിയാണ്. ലൈഫ് അഴിമതിയിൽ ശിവശങ്കർ കോഴ വാങ്ങിയതിന് തെളിവില്ലെന്ന് പറയുന്ന വിജിലൻസിന് സ്വപ്നയുടെ തുറന്ന് പറച്ചിൽ ഇനി കണ്ടില്ലെന്ന് നടിക്കാനാകില്ല.

സ്വർണ്ണക്കടത്ത് വിവാദം കത്തിപ്പർന്നപ്പോൾ പ്രഖ്യാപിച്ച സംസ്ഥാന ഏജൻസികളുടെ രണ്ട് അന്വേഷണങ്ങളും ഇഴഞ്ഞുനീങ്ങുന്നത് എന്നും വിവാദമായിരുന്നു. ദേശീയ അന്വേഷണ ഏജൻസികൾ എന്ത് കണ്ടെത്തിയെന്ന ചോദിച്ചിരുന്ന സർക്കാർ, സ്വപ്ന സുരേഷിന്റെ നിയമനത്തിലെ പൊലീസ് അന്വേഷണത്തിലേയും ലൈഫ് പദ്ധതിയിലെ വിജിലൻസ് അന്വേഷണത്തിലെയും മെല്ലെപ്പോക്ക് ഇതുവരെ കണ്ടില്ലെന്ന് നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള സ്വപ്നയുടെ വെളിപ്പെടുത്തലുകളോടെ ഈ രണ്ട് കേസിനെയും ഇനി കൂടുതൽ സജീവമാക്കും. ഒപ്പം ശിവശങ്കരന് രണ്ടും കേസും കുരുക്കുമാകും.

സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൻറെ ഉത്തരവാദിത്വമേറ്റെടുക്കാതെയായിരുന്നു ശിവശങ്കർ പുസ്തകമെഴുതിയത്. എന്നാൽ കൺസൽട്ടൻറ് ഏജൻസിയെ വരെ മാറ്റി നിയമനത്തിന് ശിവശങ്കർ പൂർണ്ണമായും ചരടുവലിച്ചെന്നാണ് സ്വപ്ന പറയുന്നത്. 
നിയമനത്തിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ശരിവെക്കും വിധമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയതിൽ കൻറോൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ പ്രതിയല്ല. ശിവശങ്കറിനെ പരിചയപ്പെടും മുമ്പ് തന്നെ സ്വപ്ന സർട്ടിഫിക്കറ്റ് നേടിയിരുന്നുവെന്നാണ് പൊലീസ് വാദം. പക്ഷെ ഇനി പൊലീസിന് ശിവശങ്കറെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണ്. 

പൊലീസ് അന്വേഷണത്തിനപ്പുറം ഏത് സംഭവത്തിലാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത് അതേ കേസിലെ പുതിയ വെളിപ്പെടുത്തൽ ശിവശങ്കർ സർവ്വീസിൽ തിരിച്ചെത്തിയിരിക്കെ സർക്കാറിനെയും സമ്മർദ്ദത്തിലാക്കുന്നു. ചീഫ് സെക്രട്ടറി റിപ്പോർട്ട് തള്ളി പുസ്തകമെഴുതിയ ഉദ്യോഗസ്ഥൻ സർവ്വീസിൽ തുടരുമ്പോഴും സർക്കാറിന് അനക്കമില്ലെന്ന വിമർശനവും കടുക്കും.

മൂന്ന് പുരുഷന്മാരാൽ നിരന്തരം അധിക്ഷേപിക്കപ്പെടുന്നെന്ന് സ്വപ്ന സുരേഷ്

ലൈഫിൽ സിബിഐ അന്വേഷണത്തിന് തടയിടാനായിരുന്നു തിരക്കിട്ടുള്ള വിജിലൻസ് അന്വേഷണം. കേസിൽ ശിവശങ്കർ പ്രതിയായെങ്കിലും നേരിട്ട് കോഴ വാങ്ങിയതിനെ തെളിവില്ലെന്നാണ് വിജിലൻസിന്റെ ഇതുവരെയുള്ള വിശദീകരണം. സ്വപ്നക്കും സന്ദീപിനും കരാറുകാരൻ പണം കൊടുത്തത് സ്വകാര്യ വ്യക്തികൾ തമ്മിലെ ഇടപാടെന്നാണ് നിലപാട്. പക്ഷേ സ്വപ്നയുടെ ലോക്കർ വെളിപ്പെടുത്തൽ വഴി ഇനി എങ്ങിനെ ശിവശങ്കറിന് വിജിലൻസ് ക്ലീൻചിറ്റ് നൽകാനാകുമെന്നാണ് ചോദ്യം. ഇതുവരെ കുറ്റപത്രം കൊടുക്കാതെ ഇഴഞ്ഞ് നീങ്ങി അന്വേഷിക്കുന്ന വിജിലൻസ് ഇനി ശിവശങ്കറിനെ എങ്ങിനെ ഒഴിവാക്കി മുന്നോട്ട് പോകും.

എന്റെ പേഴ്‌സണൽ കംപാനിയൻ': ശിവശങ്കരൻ ജീവിതത്തിന്റെ ഭാഗമെന്നും സ്വപ്ന സുരേഷ്