കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലീസ് കേരളത്തിലേക്ക്; നാളെ തിരുവനന്തപുരത്തെത്തും
കുട്ടിയെ കണ്ടെത്തി സുരക്ഷിതയായി തിരിച്ചയക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് വിശാഖപട്ടണത്തെ മലയാളികൾ പറഞ്ഞു.
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലീസ് കേരളത്തിലേക്ക്. വിശാഖപട്ടണത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുമായി നാളെ പൊലീസ് സംഘം തിരുവനന്തപുരത്തെത്തും. കുട്ടിയെ കണ്ടെത്തി സുരക്ഷിതയായി തിരിച്ചയക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് വിശാഖപട്ടണത്തെ മലയാളികൾ പറഞ്ഞു.
വിശാഖപട്ടണം സിഡബ്ല്യുസി സംരക്ഷണയിലായിരുന്ന കുട്ടിയെ ഇന്നലെ വൈകിട്ടാണ് കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കൈമാറിയത്. ഇന്ന് രാവിലെ വരെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരുന്നു കുട്ടി. ഇന്ന് 12 മണിയോടെയാണ് കുട്ടിയുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചത്. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തിൽ തീരുമാനമെടുക്കും.
പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ ബുധനാഴ്ചയാണ് വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവർത്തകർ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് കേരള പൊലീസിനെയും ആർ പി എഫിനെയും വിവരമറിയിക്കുകയായിരുന്നു. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്.
ചൊവ്വാഴ്ചയാണ് അമ്മയോട് പിണങ്ങി കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അസം സ്വദേശിയായ കുട്ടി ഇറങ്ങിപ്പോയത്. ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാനായിരുന്നു ശ്രമം. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടിലെ ഉപദ്രവത്തെ തുടർന്നാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.
അതേസമയം മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ജനങ്ങളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. കുട്ടി സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു.