തൃശ്ശൂരിലെ നിക്ഷേപതട്ടിപ്പ്: പ്രവീണ്‍ റാണെ രാജ്യം വിടാതിരിക്കാന്‍ പൊലീസ്, വിമാനത്താവളങ്ങളില്‍ അറിയിപ്പ്
നിക്ഷേപ തട്ടിപ്പിൽ പ്രവീൺ റാണയ്ക്കെതിരെ 18 കേസുകളാണ് തൃശ്ശൂര്‍ പൊലീസ് എടുത്തത്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു.

തൃശ്ശൂര്‍: തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ സ്ഥാപന ഉടമ പ്രവീണ്‍ റാണെയെ പിടികൂടാന്‍ നടപടികള്‍ ശക്തമാക്കി പൊലീസ്. റാണെ രാജ്യം വിടാതിരിക്കാന്‍ തൃശ്ശൂര്‍ പൊലീസ് വിമാനത്താവളങ്ങളില്‍ അറിയിപ്പ് നല്‍കി. റാണെയുടെ ഓഫീസിലും വീട്ടിലും പരിശോധനയും പൊലീസ് നടത്തി. തൃശ്ശൂര്‍ ആംദം ബസാര്‍, പുഴയ്ക്കല്‍, കുന്നംകുളം ഓഫീസുകളിലും റാണയുടെ അന്തിക്കാട്ടെ വീട്ടിലും പരിശോധന നടത്തിയ പൊലീസ് സംഘം നിരവധി രേഖകളും ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തു.
48 % വരെ പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ നിക്ഷേപം വാങ്ങി പറ്റിച്ച സേഫ് ആന്‍റ് സ്ട്രോങ്ങ് സ്ഥാപന ഉടമ പ്രവീണ്‍ റാണയ്ക്ക് എതിരെ തൃശ്ശൂര്‍ ഈസ്റ്റ്, വെസ്റ്റ്, കുന്നംകുളം സ്റ്റേഷനുകളിലായി ഒറ്റദിവസം പതിനെട്ട് പരാതികളെത്തിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. രാവിലെ പത്തരയോടെ പൊലീസ് സംഘം വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡിനെത്തി. ആദം ബസാറിലെ ഓഫീസ് തുറക്കാത്തതിനാല്‍ പൂട്ടുപൊളിച്ചാണ് അകത്തു കടന്നത്. പുഴയ്ക്കലിലെ കോര്‍പ്പറേറ്റ് ഓഫീസിലും കുന്നംകുളത്തെ ഓഫീസിലും പ്രവീണ്‍ റാണയുടെ അന്തിക്കാട്ടെ വീട്ടിലും റെയ്ഡ് നടന്നു.
- Read Also : പലിശക്കുരുക്ക്, ലക്ഷങ്ങളുടെ കടം; കുടുംബം ജീവനൊടുക്കിയത് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ
നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും ഹാര്‍ഡ് ഡിസ്കുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പരിശോധനാ സംഘം എത്തുന്നതിന് മുമ്പു തന്നെ റാണ കടന്നു കളഞ്ഞിരുന്നു. ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. നിധി, ഫ്രാഞ്ചേസി എന്നീ പേരുകളിലുള്ള റാണയുടെ നിക്ഷേപ തട്ടിപ്പ്, വാര്‍ത്താ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരാണ് ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്നത്. പ്രവാസികളും തൃശ്ശൂര്‍, പാലക്കാട്, ജില്ലയിലുള്ളവരുമാണ് തട്ടിപ്പിന് ഇരയായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു.