'കാക്കി കണ്ടാൽ ആക്രമിക്കണം', കുമാരനെല്ലൂരിൽ പട്ടികളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം, പോലീസുകാരെ ആക്രമിച്ചു
റെയ്ഡ് നടത്താനെത്തിയ പോലീസുകാര്‍ക്കുനേരെ പട്ടികളെ അഴിച്ചുവിട്ട് ആക്രമിക്കാനുള്ള ശ്രമം നടന്നെങ്കിലും ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ പട്ടികളെ സംരക്ഷണത്തില്‍ കഞ്ചാവ് കച്ചവടം. സ്ഥലത്ത് ഇന്നലെ അര്‍ധരാത്രിയില്‍ റെയ്ഡിനെത്തിയ പോലീസുകാര്‍ക്കുനേരെ പട്ടികളെ അഴിച്ചുവിട്ട് ആക്രമിക്കാന്‍ ശ്രമിച്ചു. കുമാരനെല്ലൂരില്‍ വാടകക്ക് എടുത്ത വീട്ടില്‍ പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനം നടത്തുന്നതിന്‍റെ മറവില്‍ റോബിന്‍ എന്നയാളാണ് ലഹരി ഇടപാട് നടത്തിയിരുന്നത്. പോലീസ് റെയ്ഡ് നടത്തി 17.8 കിലോ കഞ്ചാവ് ഉള്‍പ്പെടെ പിടിച്ചെടുത്തെങ്കിലും പ്രതി റോബിന്‍ രക്ഷപ്പെട്ടു. റെയ്ഡിനുശേഷം രാവിലെയാണ് നാട്ടുകാര്‍ പട്ടികളെ സംരക്ഷിക്കുന്ന സ്ഥലത്ത് കഞ്ചാവ് കച്ചവടം നടത്തുന്ന അസാധാരണ സംഭവത്തെക്കുറിച്ച് അറിഞ്ഞത്. സ്ഥലത്ത് കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു.
കുറച്ചു നാളായി പട്ടികളെ പരിപാലിക്കുന്ന സ്ഥാപനം നടത്തുന്നതിന്‍റെ മറവില്‍ ലഹരി കച്ചവടം നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍, കാക്കി കണ്ടാല്‍ ആക്രമിക്കണമെന്ന തരത്തില്‍ ഇവിടെയുള്ള നായകള്‍ക്ക് റോബിന്‍ പരിശീലനം നല്‍കിയിരുന്നു. മുമ്പ് പോലീസെത്തുമ്പോള്‍ പട്ടികളെ അഴിച്ചുവിടുന്നത് പതിവായിരുന്നു. ഇതിനാല്‍ നേരത്തെ ഇതേക്കുറിച്ച് പരിശോധിക്കാന്‍ പോലീസിനായിരുന്നില്ല. ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോടതിയില്‍നിന്ന് ഉത്തരവ് വാങ്ങിയശേഷം ഇന്നലെ അര്‍ധരാത്രിയോടെയാണ് എട്ടംഗ പോലീസ് സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്താനെത്തിയ പോലീസുകാര്‍ക്കുനേരെ പട്ടികളെ അഴിച്ചുവിട്ട് ആക്രമിക്കാനുള്ള ശ്രമം നടന്നെങ്കിലും ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു. പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപ്രതീക്ഷിതമായാണ് പോലീസ് എത്തിയതെങ്കിലും പ്രതി റോബിന്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.
റെയ്ഡില്‍ വീട്ടില്‍നിന്നും 17.8 കിലോ കഞ്ചാവാണ് കണ്ടെത്തിയിട്ടുള്ളതെന്നും മറ്റു ലഹരി ഉല്‍പന്നങ്ങളുടെ ഉള്‍പ്പടെ വില്‍പ്പന ഉണ്ടോയെന്ന് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും കോട്ടയം എസ്.പി കെ. കാര്‍ത്തിക്ക് മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ല മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒയും കുറച്ചു ദിവസമായി ഇതേക്കുറിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. വീട്ടില്‍ സംശയകരമായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. ഡോഗ് ട്രെയിനര്‍ ആയിട്ടാണ് റോബിന്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. മറ്റു വീടുകളിലെ ആളുകള്‍ അവധിക്ക് പോകുമ്പോള്‍ ഇവിടെ പട്ടിയെ നോക്കാന്‍ ഏല്‍പ്പിക്കും. ഇത്തരത്തില്‍ പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനം നടത്തി അതിന്‍റെ മറവില്‍ ലഹരി കച്ചവടം നടത്തുകയായിരുന്നു ഇയാളെന്നും എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.
കാക്കിയെ കണ്ടാല്‍ കടിക്കുമെന്ന രീതിയിലാണ് ഇയാള്‍ പട്ടികള്‍ക്ക് ട്രെയിനിങ് നല്‍കാന്‍ ശ്രമിച്ചിട്ടുള്ളത്. ബിഎസ്എഫില്‍ വിരമിച്ച ഉദ്യോഗസ്ഥന് കീഴില്‍ ഇയാള്‍ കുറച്ചുകാലം പരിശീലനം തേടിയിട്ടുണ്ട്. എന്നാല്‍, പിന്നീട് ഇയാളെ പരിശീലനത്തില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പ്രതിയെ പിടികൂടുമെന്നും പട്ടികളുടെ ഉടമകളെ കണ്ടെത്തി കൈമാറുമെന്നും എസ്.പി കൂട്ടിചേര്‍ത്തു. വിദേശ ബ്രീഡുകള്‍ അടക്കം അക്രമകാരികളായ നായകള്‍ ഉള്‍പ്പെടെയാണ് ഇവിടെയുള്ളത്. നിലവില്‍ വിവിധയിനത്തില്‍പെട്ട 13 നായകളാണ് ഇവിടെയുള്ളത്.പട്ടികളെ പരിപാലിച്ച് ഉപജീവനം നടത്തുന്നയാള്‍ എന്നു മാത്രമെ അറിയുകയുള്ളുവെന്നും പ്രതിയായ റോബിന്‍ ഇവിടത്തുകാരനല്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.