കൊച്ചി: പാലാരിവട്ടത്ത് അപകടം ഉണ്ടായതിന് സമീപത്തുള്ള കുഴിയിൽ അപകടം ഉണ്ടാകാതിരിക്കാൻ പൊലീസ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. അതേസമയം, യുവാവിന്റെ മരണത്തിന് ഇടയാക്കിയ കുഴി അടച്ചു. ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ‌‌ തുടർന്ന്, ഇന്നലെ രാത്രിയോടെ തന്നെ കുഴിയടക്കാനുള്ള ജോലികൾ ജല അതോറിറ്റി തുടങ്ങിയിരുന്നു. സംഭവത്തിൽ ഇന്ന് മജിസ്റ്റീരിയൽ അന്വേഷണം തുടങ്ങും. 

ജില്ലാ കളക്ടർ എസ് സുഹാസാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷച്ചുമതലയുള്ള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ ഇന്ന് മരിച്ച യദുലാലിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. കുടുംബാഗംങ്ങളില്‍ നിന്ന് മൊഴിയെടുത്ത ശേഷം അപകടസ്ഥലം സന്ദര്‍ശിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. സംഭവത്തിൽ ജലവിഭവമന്ത്രി കെ കൃഷ്ണൻകുട്ടി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറോടും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാലാഴ്ചക്കകം റിപ്പോർട്ട് സമര്‍പ്പിക്കണം. 

പരസ്പരം പഴിചാരി ജല അതോറിറ്റിയും പിഡബ്ല്യുഡിയും

അപകടത്തിന്‍റെ ഉത്തരവാദിത്തം പിഡബ്ല്യുഡിക്കാണെന്ന് ജല അതോറിറ്റി ആരോപിച്ചു. ഇത് നിഷേധിച്ച് പിഡബ്ല്യുഡിയും രംഗത്തെത്തി. അപകടത്തിനിടയാക്കിയ ഭാഗത്ത് പൈപ്പ് പൊട്ടിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 18 ന് അറ്റകുറ്റപ്പണിക്ക് അനുമതി തേടി പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് ജല അതോറിറ്റി കത്തയച്ചിരുന്നു. രണ്ട് പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നതിനാല്‍ റോഡ് മുറിച്ച് ജോലി ചെയ്യാനായിരിന്നു അനുമതി തേടിയത്. ഒരു പ്രതികരണവും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. എന്നാല്‍,  സെപ്റ്റംബറിൽ റോഡ് കുഴിക്കാൻ അനുമതി നൽകാത്തത് മഴക്കാലം ആയിരുന്നതിനാലാണെന്നാണ് പിഡബ്ല്യുഡിയുടെ വിശദീകരണം.

പ്രതിഷേധത്തെ തുടർന്ന് അടിയന്തര നടപടി

ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി പതിനൊന്ന് മണിയോടെ ജോലി തുടങ്ങിയത്. പത്ത് മണിക്ക് ജോലി ആരംഭിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, എട്ട് മണിയോടെ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് പ്രതിഷേധം തുടങ്ങി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പണി തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. പൊലീസെത്തി പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ആവശ്യം നിരസിച്ചു.