Asianet News MalayalamAsianet News Malayalam

മാധ്യമപ്രവര്‍ത്തകന്‍റെ മരണം: വാഹനമോടിച്ചത് ശ്രീറാം തന്നെ, അറസ്റ്റ് ഉടനെയുണ്ടായേക്കും

 അപകടത്തിന്‍റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്

police will arrest sriram venkitaraman soon
Author
Museum - Nanthencode Road, First Published Aug 3, 2019, 11:53 AM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തില്‍ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് പ്രതിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം പൊലീസിന് നല്‍കിയിരുന്ന മൊഴി. പിന്നാലെ ആരേയും പ്രതി ചേര്‍ക്കാതെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ വാഹമോടിച്ചത് ശ്രീറാം തന്നെയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും സ്ഥിരീകരിക്കുന്ന ദൃക്സാക്ഷികളുടേയും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടേയും മൊഴികള്‍ പുറത്തു വന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതിയും അദ്ദേഹമാണ് വണ്ടിയോടിച്ചത് എന്നു മൊഴി നല്‍കിയതോടെ  അപകടമുണ്ടാക്കിയത് ശ്രീറാമാണെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത്. ശ്രീറാമിന്‍റെ മൊഴി ഡിസിപി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപും കിംസ് ആശുപത്രിയിലുള്ള ശ്രീറാമിന്‍റെ രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. 

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്‍റെ കാര്‍ ഇടിക്കുകയായിരുന്നു. 

മ്യൂസിയം പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ ദൂരത്തിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. അപകടത്തിന്‍റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ശ്രീറാം തന്നെ ആംബുലന്‍സ് വിളിച്ചു വരുത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്‍റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നു.

എന്നാല്‍ ഇതിനുശേഷം ശ്രീറാം പൊലീസിനോട് പറഞ്ഞത് തന്‍റെ സുഹൃത്താണ് വണ്ടിയോടിച്ചത് എന്നാണ്. തന്‍റെ കൈയ്ക്ക് വേദനയുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതോടെ അദ്ദേഹത്തെ പൊലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ഒപി ടിക്കറ്റില്‍ ശ്രീറാമിനെ മദ്യം മണക്കുന്നതായി എഴുതി. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്‍റെ മൊഴി വിശ്വസിച്ച പൊലീസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയില്‍ എത്തി അവിടെ അഡ്മിറ്റായി. 

തിരിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ പേരും വിവരങ്ങളും എഴുതിവാങ്ങിയ ശേഷം അവരെ ഒരു ഓണ്‍ലൈന്‍ ടാക്സിയിലേക്ക് വീട്ടിലേക്ക് അയച്ച് കാര്യങ്ങള്‍ ഒരുവിധം ഒത്തുതീര്‍പ്പാക്കി. ഇതിനൊക്കെ ശേഷമാണ് വാഹനാപകടത്തില്‍ മരിച്ചത് മാധ്യമപ്രവര്‍ത്തകനായ ബഷീറാണെന്ന വിവരം പുറത്തു വരുന്നത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അപകടത്തിലും തുടര്‍ന്നുള്ള സംഭവങ്ങളിലും ഇടപെട്ട സാക്ഷികളുടെ മൊഴികള്‍ ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരികയും ചെയ്തതോടെ പൊലീസ് പ്രതിരോധത്തിലായി. 

ഇതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന പട്ടം മരപ്പാലം സ്വദേശിനി വഫ ഫിറോസിനെ സ്റ്റേഷനിലേക്ക്  വിളിച്ചു വരുത്തി. സംഭവത്തിന്‍റെ ഗൗരവം മനസിലായതോടെ താനല്ല ശ്രീറാം തന്നെയാണ് വണ്ടിയോടിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. യുവതിയെ പിന്നീട് ജനറല്‍ ആശുപത്രിയിലെത്തിച്ച പൊലീസ് രക്തസാംപിള്‍ ശേഖരിച്ചെങ്കിലും ഇവരുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ല. 

മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിലേക്ക് നയിച്ച അപകടത്തെ തുടര്‍ന്ന് സിറ്റിപൊലീസ് കമ്മീഷണര്‍, ജോയിന്‍ കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി. നിലവില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രതിയായതോടെ ശ്രീറാമിനെ ഇനി പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരുമെങ്കിലും അദ്ദേഹത്തിന് സ്റ്റേഷന്‍ ജാമ്യം ലഭിക്കും. അതേസമയം മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുത്താല്‍ പുതിയ മോട്ടോര്‍വാഹനവകുപ്പ് നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിലായിരിക്കും അദ്ദേഹം പ്രതിയാവുക. പുതിയ നിയമം അനുസരിച്ച് ഇത്തരം കേസുകളില്‍  ലൈസന്‍സ് ആജീവനാന്തം സസ്പെന്‍ഡ് ചെയ്യുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യും. 

Follow Us:
Download App:
  • android
  • ios