രാവിലെ പതിനൊന്ന് മണിക്കാണ് പുതിയ അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു കോഴിക്കോട് സ്വദേശി ധർമ്മരാജൻ്റെ പരാതി.  

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പരാതിക്കാരനായ ധര്‍മ്മരാജനെയും യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കിനെയും ഇന്ന് ചോദ്യം ചെയ്യും. കവര്‍ച്ചാ പണത്തിലെ വൈരുദ്ധ്യത്തെക്കുറിച്ച് അന്വേഷണ സംഘം അന്വേഷിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് പുതിയ അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു കോഴിക്കോട് സ്വദേശി ധർമ്മരാജൻ്റെ പരാതി. 

കേസിൽ മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിൻ്റെ ഭാര്യ ദീപ്തിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവർച്ചാ പണം ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. പണം ഒളിപ്പിച്ച് വെക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് രഞ്ജിത്തിൻ്റെ ഭാര്യ ദീപ്തിയാണെന്നായിരുന്നു അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. രഞ്ജിത്തിൻ്റെ തൃശ്ശൂര്‍ പുല്ലൂറ്റിലെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 14 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുഖ്യ പ്രതികളായ രജ്ഞിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേർക്ക് വീതം വെച്ചതായാണ് പൊലീസ് കണ്ടെത്തല്‍.