കണ്ണൂര്‍: കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് അവസാനമിടാൻ ഗുണ്ടാ തെരച്ചിലിന് പൊലീസ്. കഴിഞ്ഞ 10 വർഷത്തിനിടെ രാഷ്ട്രീയ അക്രമത്തിൽ പങ്കാളികളായ ആളുകളുടെ ലിസ്റ്റെടുത്ത് അവരെ നിരന്തരം വീടുകളിൽ നിരീക്ഷിക്കാനാണ് തീരുമാനം. നേരത്തെ കേസിലുൾപ്പെട്ടവർ വീണ്ടും അക്രമം തുടർന്നാൽ ഇവർക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തക‍ർ കൊലചെയ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്‍ചയായി കണ്ണൂരിൽ അക്രമങ്ങൾ പലയിടത്തും നടന്നു. പാർട്ടി ഓഫീസുകൾക്ക് ബോംബിടലും അടിച്ചുതകർക്കലും പതിവായി. രണ്ട് ദിവസം മുൻപാണ് ബോംബ്    ഉണ്ടാക്കുന്നതിനിടെ മൂന്ന് സിപിഎം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റത്. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധച്ചിച്ച് വ്യാപക അക്രമം ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. 

ഇത് തടയിടാനുള്ള പദ്ധതിയാണ് ജില്ലാ പൊലീസ് നടപ്പിലാക്കുന്നത്. പത്ത് വർഷമായി രാഷ്ട്രീയ അക്രമക്കേസുകളിൽ പ്രതികളായവരുടെ ലിസ്റ്റ് അതാത് പൊലീസ് സ്റ്റേഷനുകൾ തയ്യാറാക്കും. അവരെ  സ്റ്റേഷനിൽ വിളിച്ചുവരുത്തി അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകും. 

കൊവിഡ് പ്രതിരോധത്തിന്‍റെ മാതൃകയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പൊലീസുകാർ വീടുകളിലെത്തി ഇവരെ നിരീക്ഷിക്കും. നേരത്തെ കേസിലുൾപെട്ട് ജാമ്യത്തിൽ കഴിയുന്നവരാരെങ്കിലും വീണ്ടും അക്രമപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടാല്‍ അവരുടെ ജാമ്യം റദ്ദാക്കി ജയിലിലേക്കകയക്കാൻ വേണ്ട നടപടി സ്വീകരിക്കും. കൊടും ക്രിമിനലുകളെ കാപ്പാ ചുമത്തി അറസ്റ്റ് ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.