സംഘര്‍ഷത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യോഗം ചേര്‍ന്നതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വിശദീകരിച്ചു. 

കൊച്ചി: കൊവിഡ് ചട്ടം ലംഘിച്ച് ഐഎന്‍എല്‍ യോഗം സംഘടിപ്പിച്ച സംഭവത്തില്‍ മന്ത്രിയെ ഒഴിവാക്കി കേസെടുക്കാന്‍ പൊലീസ് നീക്കം. ഐഎൻഎൽ സംസ്ഥാന നേതാക്കൾക്ക് എതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡം ലംഘിച്ച് യോഗം സംഘടിപ്പിച്ചതിലാണ് നടപടി. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. ഇന്ന് കൊച്ചിയിലെ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ അടിച്ച് പിരിഞ്ഞിരുന്നു.

എന്നാല്‍ സംഘര്‍ഷത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യോഗം ചേര്‍ന്നതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വിശദീകരിച്ചു. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെ ആയിരുന്നു ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ യോഗത്തിന്‍റെ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് പറഞ്ഞു. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളയുര്‍ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂര്‍ മോശമായി പ്രതികരിച്ചെന്നും അബ്ദുള്‍ വഹാബ് ആരോപിച്ചു.

ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ യോഗത്തില്‍ വലിയ തോതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിന് പിന്നാലെയാണ് യോഗം നിര്‍ത്തിവെച്ചതായി താന്‍ അറിയിച്ചതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും തമ്മില്‍ അടിക്കുന്നവരല്ല പ്രവര്‍ത്തകരെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. അച്ചടക്ക ലംഘനം നടത്തിയവര്‍ക്ക് എതിരെ നടപടിയുണ്ടാവും. വൈകുന്നേരം നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ എല്ലാം വിശദീകരിക്കുമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.