കവർച്ചാക്കേസിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊണ്ടുവന്ന ഹവാലപ്പണവുമായി ബന്ധപ്പെടുത്തി എങ്ങനെ അന്വേഷിക്കും എന്നതിലാണ് ഡിജിപി ഓഫീസിനോട് അഭിപ്രായം തേടുന്നത്.
കൊച്ചി: കൊടകര കുഴൽപ്പണക്കേസില്‍ തുടരന്വേഷണത്തിന് നിയമോപദേശം നല്‍കി ഡിജിപി. പ്രത്യേക അന്വേഷണ സംഘത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. തിരൂർ സതീഷിൻ്റെ മൊഴി രേഖപ്പെടുത്താൻ നിർദ്ദേശം. ഈ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ടു പോകാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. ഇതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് പലയിടങ്ങളിലായി ബിജെപിക്കായി ഹവാലപ്പണം എത്തിച്ചെന്ന ഇടനിലക്കാരന്‍റെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നു.
കവർച്ചാക്കേസിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊണ്ടുവന്ന ഹവാലപ്പണവുമായി ബന്ധപ്പെടുത്തി എങ്ങനെ അന്വേഷിക്കും എന്നതിലാണ് ഡിജിപി ഓഫീസിനോട് അഭിപ്രായം തേടുന്നത്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിൽ പുതിയ സാഹചര്യം കോടതിയെ ധരിപ്പിച്ച് മാത്രമേ പൊലീസിന് മുന്നോട്ടുപോകാനാകൂ. കവർച്ച ചെയ്യപ്പെട്ട പണം ഹവാല ഇടപാടിലൂടെ വന്നതാണെന്ന് നേരത്തെയുള്ള റിപ്പോർട്ടിലുണ്ട്. കൂടുതൽ കോടികൾ എത്തിയെന്ന തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ തുടരന്വേഷണം എതൊക്കെ തലങ്ങളിൽ എങ്ങനെ വേണം എന്നതാണ് പരിശോധിക്കുന്നത്. കവർച്ചാക്കേസുമായി ബന്ധപ്പെടുത്തി ഇതന്വേഷിച്ചാൽ ഭാവിയിൽ അതിന്‍റെ സാധുത കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്നുറപ്പാണ്. ഇതിനുകൂടി മറുപടി തേടിക്കൊണ്ടാണ് പൊലീസ് നിയമോപദേശം തേടിയത്.
ഇതിനിടെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഹവാല ഇടപാടിലൂടെ എത്തിയ 41 കോടി 40 ലക്ഷം രൂപ കാസർകോഡ് മുതൽ തിരുവവനന്തപുരം ബിജെപിക്കായി വിതരണം ചെയ്തെന്നാണ് ഇടനിലക്കാരനായ ധർമരാജന്‍റെ മൊഴിയിൽ ഉളളത്. ഒരു കോടി നാൽപത് ലക്ഷമാണ് കണ്ണൂരിൽ നൽകിയത്. കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് കൈമാറിയത് ഒന്നരക്കോടിയാണ്. തൃശൂരിൽ പന്ത്രണ്ട് കോടി എത്തി. ആലപ്പുഴയിൽ ഒരു കോടി നൽകി. പത്ത് കോടിയിലേറെയാണ് തിരുവനന്തപുരത്ത് നൽകിയതെന്നും മൊഴിയിലുണ്ട്.
