Asianet News MalayalamAsianet News Malayalam

പരവൂരിലെ എപിപി അനീഷ്യയുടെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നു, ആരോപണ വിധേയരെ ചോദ്യം ചെയ്തില്ല

ആരോപണ വിധേയരെ അന്വേഷണത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്യണമെന്ന ബാർ അസോസിയേഷൻ്റെ ആവശ്യം നടപ്പായിട്ടില്ല

Police yet to question alleged advocates in APP Aneeshya suicide case
Author
First Published Feb 1, 2024, 6:37 AM IST

കൊല്ലം: പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യാ കേസിൽ അന്വേഷണം ഇഴയുന്നു. 11 ദിവസമായിട്ടും ആരോപണ വിധേയരെ ചോദ്യം ചെയ്തിട്ടില്ല. അതിനിടെ പരവൂർ മജിസ്ട്രേറ്റിൻ്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം നീക്കം തുടങ്ങി.

തൊഴിലിടത്തിലെ മാനസിക പീഡനം, മേലുദ്യോഗസ്ഥനായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടേയും സഹപ്രവർത്തകരുടേയും പരിഹാസം, അവഗണന, തുടങ്ങി അനീഷ്യയുടെ വാട്സ് ആപ്പ് ഓഡിയോ സന്ദേശങ്ങളിലും ഡയറിക്കുറിപ്പിലും ആരോപണങ്ങൾ ഏറെയുണ്ട്. എന്നാൽ ആത്മഹത്യയ്ക്ക് കാരണമായ തെളിവിലേക്ക് എത്തിയിട്ടില്ലെന്ന് സിറ്റി ക്രൈംബ്രാഞ്ച് പറയുന്നു. കേസിൽ ഇതുവരെ അനീഷ്യയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്.

പരവൂർ മജിസ്ട്രേറ്റിന്റെ മൊഴിയെടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകി. ജോലി ചെയ്യാൻ അനുവദിക്കാത്ത വിധം മാനസിക പീഡനം അനുഭവിക്കുന്നുണ്ടെന്ന് പരവൂർ മജിസ്ട്രേറ്റിന് അനീഷ്യ മൊബെൽ സന്ദേശം അയച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി തേടിയാണ് അന്വേഷണം. ശാസ്ത്രീയ തെളിവുകൾ കിട്ടിയിട്ട് മതി ആരോപണ വിധേയരിലേക്കുളള അന്വേഷണമെന്നാണ് നിഗമനം. പരാതി അട്ടിമറിക്കാൻ കൊല്ലം കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസികൂട്ടർ അനീഷ്യയ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച അഭിഭാഷകൻ കുണ്ടറ ജോസിന്റെ മൊഴിയും എടുത്തിട്ടില്ല.

രാഷ്ട്രീയ സമ്മർദ്ദമാണ് പ്രതികൾക്കെതിരെ കേസെടുക്കാത്തതിന് പിന്നിലെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടേയും ആരോപണം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ നിർദ്ദേശപ്രകാരം ഹെഡ് ക്വാർട്ടേഴ്സ് ഡിഡിപിയും അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണത്തിലെ കണ്ടെത്തൽ കൂടി ക്രൈംബ്രാഞ്ച് വിലയിരുത്തും. ആരോപണ വിധേയരെ അന്വേഷണത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്യണമെന്ന ബാർ അസോസിയേഷൻ്റെ ആവശ്യം നടപ്പായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios