Asianet News MalayalamAsianet News Malayalam

'ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം ബുൾഡോസർ രാഷ്ട്രീയം കാണാനല്ല'; പിന്തുണയുമായി എസ് ആര്‍ പി

'ഗുജറാത്തിനെക്കാൾ സാമ്രാജ്യത്ത്വവാദം വച്ചു പുലർത്തുന്ന ശക്തികളല്ലേ യൂറോപ്പിലെ പല രാജ്യങ്ങളും അമേരിക്കയുമൊക്കെ? അവിടെയൊക്കെ പോയി നല്ല മാതൃകകൾ ഭരണകർത്താക്കൾ പരിശോധിക്കാറുണ്ട്'- എസ്ആ്‍പി

politburo member s ramachandran pillai support kerala chief secretary gujarat visit
Author
Delhi, First Published May 1, 2022, 3:03 PM IST

ദില്ലി: ചീഫ് സെക്രട്ടി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് സന്ദർശിച്ചത് ബുൾഡോസർ രാഷ്ട്രീയം കാണാനല്ലെന്ന് മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻപിള്ള. നല്ല മാതൃകകൾ എവിടെയുണ്ടെങ്കിലും പഠിക്കുന്നതിന് എന്താണ് അപാകതയെന്ന് എസ് രാമചന്ദ്രൻ പിള്ള ചോദിച്ചു. ഡാഷ്ബോർഡ് സംവിധാനം നല്ലതാണെന്ന് കേട്ട് അത് മനസ്സിലാക്കാനാണ് ചീഫ് സെക്രട്ടറി ഗുജറാത്തിൽ പോയതെന്നും എസ്ആർപി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോടു പറഞ്ഞു. 'അല്ലാതെ ഗുജറാത്ത് മോഡൽ രാഷ്ട്രീയം പഠിക്കാനല്ല. ശാസ്ത്ര സാങ്കേതിക വിദ്യ നന്നായി ഉപയോഗിക്കുന്ന സ്ഥലങ്ങളുണ്ടെങ്കിൽ അത് മനസ്സിലാക്കണം. നമ്മുടെ സംവിധാനത്തെക്കാൾ അത് മികച്ചതാണോ എന്ന് നോക്കണം. രാജ്യത്തും ലോകത്തും നല്ല സംവിധാനങ്ങൾ ഉണ്ടെങ്കിൽ അവഗണിച്ച് മുന്നോട്ടു പോകേണ്ടതില്ല' എസ്ആർപി വിശദീകരിച്ചു.

അനാവശ്യ വിവാദം ചിലരുണ്ടാക്കുകയാണെന്നും എസ്ആർപി പറഞ്ഞു. 'ഗുജറാത്തിനെക്കാൾ സാമ്രാജ്യത്ത്വവാദം വച്ചു പുലർത്തുന്ന ശക്തികളല്ലേ യൂറോപ്പിലെ പല രാജ്യങ്ങളും അമേരിക്കയുമൊക്കെ? അവിടെയൊക്കെ പോയി നല്ല മാതൃകകൾ ഭരണകർത്താക്കൾ പരിശോധിക്കാറുണ്ട്. ചികിത്സാസംവിധാനം മെച്ചപ്പെട്ട സ്ഥലങ്ങളിൽ അതിനായി നാം പോകുന്നില്ലേ?' ലെനിൻ പോലും അമേരിക്കൻ സാങ്കേതിക വിദ്യയെ പുകഴ്ത്തിയിട്ടുണ്ടെന്നും എസ്ആർപി പറഞ്ഞു.

ചീഫ് സെക്രട്ടറി ഗുജറാത്തിൽ പോയത് ദേശീയ തലത്തിലും ചർച്ചയായിരുന്നു. ഗുജറാത്ത് മാതൃകയുടെ വിജയമായി സംസ്ഥാന ബിജെപിയും ഇത് ആഘോഷിച്ചു. ഗുജറാത്തിലെ വിദ്യാഭ്യാസ രംഗത്തെ കമാൻഡ് സെൻറർ ദേശീയ മാതൃകയാക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രിയുമായി സിൽവർലൈനെക്കുറിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയപ്പോഴാണ് ഗുജറാത്തിലെ ഈ വികസന നടപടികൾ പഠിക്കണം എന്ന നിർദ്ദേശം ഉയർന്നത് എന്നാണ് സൂചന. സിപിഎം കേന്ദ്ര നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെ ചിലർക്ക് ഗുജറാത്തിലെ വികസന മാതൃത പഠിക്കാൻ കേരളത്തിലെ ഉദ്യോഗസ്ഥർ പോകേണ്ടിയിരുന്നില്ല എന്ന നിലപാടുണ്ട്. എന്നാൽ സംസ്ഥാന ഘടകം സർക്കാർ തീരുമാനത്തിനൊപ്പം എന്ന സൂചന നല്കുന്നതാണ് എസ് രാമചന്ദ്രൻ പിള്ളയുടെ ഈ അഭിപ്രായം. 

Follow Us:
Download App:
  • android
  • ios