കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നേതാക്കള്‍.
കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി എ.ഐ.സിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ജോസ് കെമാണി എംപിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.
ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണസമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണി അടക്കമുള്ള മക്കളും മരുമക്കളും പേരക്കുട്ടികളും മാണിക്കൊപ്പമുണ്ടായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്നലെ മോശമായ മാണിയുടെ ആരോഗ്യനില ഇന്ന് രാവിലെ അല്‍പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ വൈകിട്ടോടെ നില മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും.
