പത്തനംതിട്ട: തുടർച്ചയായി രാഷ്ട്രീയ പ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് ആരോഗ്യ വകുപ്പിന് മെന്ആശങ്കയാകുന്നു. ജനപങ്കാളിത്തമുള്ള പൊതു പരിപാടികളിൽ പങ്കെടുത്ത ഇവരുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കുന്നത് പ്രധാന വെല്ലുവിളിയാണ്.റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും കഴിഞ്ഞ ദിവസം രോഗം ബാധിച്ചതോടെ ആശുപത്രിയിലെത്തിയ രോഗികളോട് സ്വയം നിരീക്ഷണത്തിൽ പോകാന്‍ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കഴിഞ്ഞ ദിവസം എംഎസ്എഫ് നേതാവിന് രോഗം ബാധിച്ചതിന് പിന്നാലെയാണ് ഇന്നലെ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനും രോഗം സ്ഥിരീകരിച്ചത്. പൊതു പ്രവർത്തകർക്ക് ഉറവിടം അറിയാതെ രോഗം ബാധിക്കുന്നത് ജില്ലാ ഭരണകൂടത്തെ വലയ്ക്കുന്നു. സിപിഎം നേതാവിന്റെയും സമ്പര്‍ക്ക പട്ടികയും വിപുലമാണ്. 

കഴിഞ്ഞ ആഴ്ച പത്തനംതിട്ടയിൽ നടന്ന പാർട്ടി ഫ്രാക്ഷൻ മീറ്റിങ്ങിൽ ഇയാൾ പങ്കെടുത്തു. ഈ യോഗത്തിൽ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും സാന്നിധ്യമുണ്ടായിരുന്നു. പെട്രോൾ ഡീസൽ വില വർധനക്കെതിരെ കഴിഞ്ഞ ആഴ്ചകളിൽ നടന്ന ഒന്നിലധികം സമര പരിപാടികളിലും പങ്കെടുത്തു. ഈ പരിപാടികളിലെല്ലാം നിരവധി പാർട്ടി പ്രവർത്തകരും പങ്കെടുത്തിരുന്നു. 

കുന്പഴയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീടിന്റെ പാലുകാച്ചലിലും ചടങ്ങിലും ഇയാൾ എത്തി. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് എംഎസ്എഫും നേതാവും സിപിഎം നേതാവും ഒന്നിച്ച് ഒരു കടയുടെ ഉദ്ഘാടനത്തിലും പങ്കെടുത്തു. എംഎസ്എഫ് നേതാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ ആയിരത്തോളം ആളുകളാണുള്ളത്. പത്തനംതിട്ട മാർക്കറ്റിലെ കച്ചവടക്കാരനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ ഉരവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയിൽ നാലായി. 

കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍മെന്‍റ്സോണാക്കി. റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും കഴിഞ്ഞ ദിവസം രോഗംബാധിച്ചതോടെ ആശുപത്രിയിലെത്തിയ രോഗികളോട് സ്വയം നിരീക്ഷണത്തിൽ പോകാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി.