വോട്ടെണ്ണല്‍ വ്യാഴാഴ്ച, എക്സിറ്റ് പോള്‍ ഫലങ്ങള്‍ 6.30 മുതല്‍ 

ദില്ലി: 17-ാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് പൂര്‍ത്തിയായി. അവസാനഘട്ട വോട്ടെടുപ്പിലും 60 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗികമായ വിവരം അല്‍പസമചയത്തിനകം പുറത്തുവരും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും അവസാന ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 59 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനിടെ പഞ്ചാബിലും ബീഹാറിലും ബംഗാളിലും അക്രമങ്ങളുണ്ടായി.

വോട്ടെടുപ്പിനിടെ പഞ്ചാബിലെ ബട്ടിണ്ടയിൽ കോണ്‍ഗ്രസ് അകാലിദൾ പ്രവര്‍ത്തകര്‍ക്കിടയിലെ സംഘര്‍ഷം വെടിവെപ്പിൽ കലാശിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബീഹാറിലെ ചന്ദോര ഗ്രാമത്തിൽ ഒരു വിഭാഗം ഗ്രാമീണര്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. റോഡില്ലെങ്കിൽ വോട്ടില്ല എന്ന മുദ്രാവാക്യവുമായി എത്തിയ ഗ്രാമീണര്‍ വോട്ടിംഗ് യന്ത്രങ്ങൾ തകര്‍ത്തു, ബ്ളോക് ഡെവലപ്മെന്‍റ് ഓഫീസറുടെ കാര്‍ ആക്രമിക്കുകയും ചെയ്തു. ഇതൊഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസി ഉൾപ്പടെ 59 മണ്ഡലങ്ങളിലെ ജനങ്ങളാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പില്‍ പങ്കു ചേര്‍ന്നത്. അകാലിദൾ സ്ഥാനാര‍്ത്ഥി ഹര്‍സിമ്രത് കൗര്‍ ബാദൽ ഉൾപ്പടെ നിരവധി പ്രമുഖ സ്ഥാനാര്‍ത്ഥികൾ ഈ ഘട്ടത്തിൽ ജനവിധി തേടി. പട്നയിലെ രാജ്ഭവനിലെ ബൂത്തിൽ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും, ഗോരക്പൂരിൽ യു.പി മുഖ്യമന്ത്രി ആദിത്യനാഥും പട്യാലയിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വോട്ടുചെയ്തു. 

വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ 39 സീറ്റിൽ ബി.ജെ.പി സഖ്യവും യു.പി.എ ഏഴിടത്തും വിജയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുൻതൂക്കം നിലനിര്‍ത്തുകയാണ് ഇത്തവണ ബി.ജെ.പിക്ക് മുന്നിലെ വെല്ലുവിളി. വാരാണസിയിൽ 5,81,000 ത്തിലധികം വോട്ടുകള്‍ നേടിയാണ് 2014ൽ മോദി വിജയിച്ചത്. 3.37 ലക്ഷമായിരുന്നു അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിയും എസ്.പി-ബി.എസ്.പി സ്ഥാനാര്‍ത്ഥി ശാലിനി യാദവുമാണ് മോദിയുടെ എതിരാളികൾ. എസ്.പി-ബിഎസ്പി സഖ്യം മോദിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും എന്നാണ് വിലയിരുത്തല്‍. ബീഹാറിലെ പട്നസാഹിബ് മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശത്രുഖൻ സിൻഹയും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദുമാണ് ഏറ്റുമുട്ടിയത്.

തമിഴ്നാട്ടില്‍ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും നാല് ലോക്സഭാ മണ്ഡലങ്ങളിലായി പതിമൂന്ന് ബൂത്തുകളില്‍ നടന്ന റീ പോളിങ്ങിലും ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. 68 ശതമാനത്തിന് മുകളിലാണ് ഇവിടങ്ങളിലെ പോളിങ്ങ്. അരവാക്കുറിച്ചി,ഒറ്റപ്പിടാരം, തിരുപ്പറന്‍കുണ്ട്രം, സുളൂര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ ഇരുപത്തിരണ്ട് സീറ്റുകളിലേക്കും ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

ഭരണം നിലനിര്‍ത്താന്‍ അണ്ണാഡിഎംകെ സര്‍ക്കാരിന് പതിനൊന്ന് സീറ്റുകളിലെ വിജയം അനിവാര്യമാണ്. ഒറ്റപ്പിടാരത്ത് അണ്ണാഡിഎംകെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന് ആരോപിച്ച് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അരവാക്കുറിച്ചിയില്‍ ഡിഎംകെ, വോട്ടര്‍മാരെ തടഞ്ഞെന്ന പരാതിയുമായി അണ്ണാഡിഎംകെയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ചില ബൂത്തുകളിലെ വോട്ടിങ്ങ് മെഷീന്‍ തകരാറിലായത് പോളിങ്ങ് വൈകിപ്പിച്ചു.