പൊലീസ് വടകര ഇറക്കിവിട്ടതോടെ അന്ന് അവിടെ തന്നെ തങ്ങി പിറ്റേദിവസം മറ്റൊരു ട്രെയിന്‍ കയറി കോഴിക്കോട് ഇറങ്ങുകയായിരുന്നു ഷമീര്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള ഷമീറിനെതിരെ നിലവിൽ  വാറണ്ടുകളൊന്നുമില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തില്ല. 

കണ്ണൂര്‍: കണ്ണൂര്‍ മാവേലി എക്സ്പ്രസില്‍ (Maveli Express) പൊലീസിന്‍റെ മര്‍ദ്ദനത്തിനിരയായ പൊന്നന്‍ ഷമീറിനെ (Ponnan Shameer) കണ്ണൂരിലെത്തിച്ചു. ട്രെയിനില്‍ വച്ച് പൊലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്നാണ് ഷമീര്‍ പറയുന്നത്. ടിക്കറ്റ് എടുത്തിരുന്നു. എന്നാലത് ജനറല്‍ ടിക്കറ്റാണോയെന്ന് ഓര്‍മ്മയില്ല. മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും ഷമീര്‍ പറഞ്ഞു. പൊലീസ് വടകര ഇറക്കിവിട്ടതോടെ അന്ന് അവിടെ തന്നെ തങ്ങി പിറ്റേദിവസം മറ്റൊരു ട്രെയിന്‍ കയറി കോഴിക്കോട് ഇറങ്ങുകയായിരുന്നു ഷമീര്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള ഷമീറിനെതിരെ നിലവിൽ വാറണ്ടുകളൊന്നുമില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തില്ല. 

ഷമീറിന്‍റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കൂത്തുപറമ്പുള്ള വീട്ടിലെത്തിക്കും. കുടുംബാംഗങ്ങളോട് പൊലീസ് സ്റ്റേഷനിലേക്ക് എത്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അസൗകര്യം അറിയിച്ചതോടെ പൊലീസ് തന്നെ ഷമീറിനെ കൂത്തുപറമ്പ് എത്തിക്കും. കഴിഞ്ഞ രണ്ട് ദിവസമായുള്ള അന്വേഷണത്തിന് പിന്നാലെ ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡില്‍ വെച്ചാണ് ഷമീറിനെ കണ്ടെത്തിയത്. കൂത്തുപറമ്പ് നിർമ്മലഗിരി സ്വദേശി പൊന്നൻ ഷമീറിനാണ് മ‍ർദ്ദനമേറ്റതെന്ന് റെയിൽവേ പൊലീസാണ് തിരിച്ചറിഞ്ഞത്. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ രണ്ട് അടിപിടി കേസുകളിലും ഉൾപെട്ടിട്ടുണ്ട്.

പത്രത്തിൽ ഇയാളുടെ ഫോട്ടോ കണ്ട ബന്ധുവാണ് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് ഷമീറെന്ന് വ്യക്തമായി. അമ്പതുകാരനായ ഇയാൾ 2001 ൽ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിൽ മൂന്ന് വർഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2010 ൽ 17 വയസുള്ള ബന്ധുവായ പെൺകുട്ടിയെയും കൊണ്ട് നാടുവിട്ടതിനെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പീഡനത്തിന് കേസുണ്ടായെങ്കിലും കോടതി പിന്നീട് ഇയാളെ വെറുതെ വിട്ടു. 

2014 ലും 2016 ലും കൂത്തുപറമ്പ് ബസ് സ്റ്റാന്‍റിലും ബാറിനടുത്തുമായി രണ്ട് അടിപിടി കേസിലും ഇയാൾ ഉൾപെട്ടിട്ടുണ്ട്. ഈ കേസുകളിൽ വിചാരണ നടക്കുകയാണ്. ഭാര്യവീടായ ഇരുക്കൂർ ആയിപ്പുഴയിലാണ് ഇയാൾ താമസിക്കുന്നത്. കുറച്ച് ദിവസമായി ഇയാൾ വീട്ടിൽ വരാറില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഷമീറിനെ ബൂട്ടുകൊണ്ട് തൊഴിച്ച എഎസ്ഐ പ്രമോദിനെ എഡിജിപി സസ്പെന്റ് ചെയ്തിരുന്നു. 

Read Also : മാവേലി എക്സ്പ്രസ്സിൽ മ‍ർദനമേറ്റ ഷെമീറിനെ കോഴിക്കോട് നിന്നും കണ്ടെത്തി