ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഒന്നാം പ്രതി തോമസ് ഡാനിയൽ ഉൾപ്പടെയുള്ള ആദ്യ നാല് പ്രതികളുടെ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി തളളി.  സ്വാഭാവിക ജാമ്യത്തിന് നൽകിയ അപേക്ഷ ആണ് തള്ളിയത്. പ്രതികൾ പുറത്ത് ഇറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.

അതേസമയം, പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 200 കേസുകളിൽ കൂടി പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. ജുഡീഷ്യൽ കസ്റ്റഡിയിലുളള അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും. പോപ്പുലർ തട്ടിപ്പിൽ പത്തനംതിട്ട ജില്ലയിൽ ആയിരം കേസുകൾ രജിസ്റ്റർ ചെയ്തു. എല്ലാ കേസുകളിലും പ്രതികൾക്ക് പ്രത്യേക ജാമ്യം നേടേണ്ടിവരും.

ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ 60 ദിവസം കഴിഞ്ഞിയിട്ടും കുറ്റപത്രം നൽകാതിരുന്നതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതനുസരിച്ചാണ്ഈ പ്രതികൾ ജാമ്യഹർജിയുമായി നീങ്ങിയത്.   2000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ അന്താരാഷ്ട്ര ബന്ധങ്ങളടക്കുമുള്ള സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമുണ്ടാകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ കഴിഞ്ഞ ദിവസം പറഞ്ഞത്. ലഭ്യമാകാനുള്ള തെളിവുകൾ വേഗത്തിൽ കണ്ടെത്തി ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു.