Asianet News MalayalamAsianet News Malayalam

പിഎഫ്ഐ നിരോധനത്തിൽ കരുതലോടെ കേരളം, യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് സുരക്ഷ കൂട്ടി

സർക്കാരോ സർക്കാരിനെ നയിക്കുന്ന സിപിഎം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ പിഎഫ്ഐ നിരോധനത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു

Popular Front ban, Kerala CM called a high level meeting, Security tightened
Author
First Published Sep 28, 2022, 11:05 AM IST

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിൽ കരുതലോടെ കേരളം. സർക്കാരോ സർക്കാരിനെ നയിക്കുന്ന സിപിഎം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ  പ്രതികരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനം കാക്കുകയാണ് കേരളം. വിജ്ഞാപനം കിട്ടിയ ശേഷം തുടർ നടപടികൾ സംസ്ഥാനം സ്വീകരിക്കും. അതേസമയം നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പിഎഫ്ഐ സ്വാധീന മേഖലകളിൽ പ്രത്യേകിച്ചും. 

പിഎഫ്ഐ നിരോധനം:'പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കും, നിരോധനം കൊണ്ട് കാര്യമില്ല': എം വി ഗോവിന്ദന്‍

അതേസമയം വിഷയത്തോട് കരുതലോടെയാണ് സിപിഎം കേന്ദ്രങ്ങളുടേയും പ്രതികരണം. പിഎഫ്ഐ നിരോധനത്തിൽ, പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. 
നിരോധനം കൊണ്ട് കാര്യമില്ലെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു. വർഗീയതയ്ക്ക് എതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വിഷയത്തിൽ ആലോചിച്ച ശേഷം പ്രതികരിക്കാമെന്ന് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ വ്യക്തമാക്കി. നിലപാട് പറയാൻ അൽപസമയത്തിനകം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളെ കാണും. 

PFI യോടൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി, പ്രൊഫ മുഹമ്മദ് സുലൈമാൻ, ഐഎൻഎൽ ദേശീയ പ്രസിഡന്റ് ആണെന്ന വാദം ബിജെപി ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിസഭയിൽ ഐഎൻഎല്ലിനെ പ്രതിനിധീകരിക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ പുറത്താക്കണമെന്ന ആവശ്യം ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വ്യക്തമാക്കി. ബിജെപി സംസ്ഥാന നേതാക്കളും ഈ ആരോപണം ഏറ്റെടുത്തത് സർക്കാരിനെ പ്രതിരോധത്തിൽ ആക്കുന്നതാണ്. 


 

Follow Us:
Download App:
  • android
  • ios